ബെംഗളുരു: സോഷ്യൽ മീഡിയയ്ക്കായി റീലുകൾ ഷൂട്ടുചെയ്യുന്നതിനിടെ 21കാരിയായ യുവതി നിര്‍മ്മാണം പൂർണ്ണമാകാത്ത കെട്ടിടത്തിൽ നിന്ന് ലിഫ്റ്റ് ഡക്റ്റിലേക്കു വീണു മരിച്ചു. ആന്ധ്രപ്രദേശിലെ ചിത്തൂർ സ്വദേശിനിയായ നന്ദിനി എന്ന യുവതിയാണ് മരണപ്പെട്ടത്. ദാരുണമായ സംഭവം ബെംഗളുരുവിലെ റായസന്ദ്രയിലായിരുന്നു, തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് അപകടം നടന്നത്.Woman dies after falling into lift duct while taking out reels
ബെംഗളുരുവിലെ പരപ്പന അഗ്രഹാരയ്ക്ക് സമീപം പോയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്ന നന്ദിനി , ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയുമായിരുന്നു. ജോലി കഴിഞ്ഞ് സുഹൃത്തായ മറ്റൊരു യുവതിയോടും രണ്ട് യുവാക്കളോടുമൊപ്പം പുറത്ത് പോയതിന്റെ ഭാഗമായി, രാത്രി എട്ട് മണിയോടെയാണ് ഇവർ നിർമാണം പാതിവഴിയിൽ നിർത്തിയ ഈ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് അടുത്തെത്തിയത്.
പത്ത് വർഷമായി നിർമ്മാണം നിർത്തിയിട്ടുള്ള ആ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ റീലുകൾ എടുക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ലിഫ്റ്റ് ഡക്റ്റിനടുത്തേക്ക് പോയ നന്ദിനിയുടെ കാൽ വഴുതി വീഴുകയായിരുന്നു. ഈ ദൃശ്യങ്ങൾക്കൊപ്പമുണ്ടായിരുന്ന യുവാക്കൾ അവിടെ നിന്ന് ഓടിപോയതായും, ഒരുമിച്ചുണ്ടായിരുന്ന യുവതിയാണ് പോലീസിനെ വിവരമറിയിച്ചതെന്നും അധികൃതർ അറിയിച്ചു.
പട്രോളിംഗ് സംഘം ഉടൻ സ്ഥലത്തെത്തി, തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും എത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ കനത്ത പരുക്കുകളേറ്റ നന്ദിനിയുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസ് തുടര്‍ന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
