ചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊക്കെയ്ൻ വാങ്ങിയതും ഉപയോഗിച്ചതുമുളള വ്യക്തമായ തെളിവുകൾ ലഭിച്ചതായി ചെന്നൈ പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും കഴിഞ്ഞദിവസമാണ് അദ്ദേഹം അറസ്റ്റിലായത്.Cocaine case; Actor Srikanth sent to judicial custody
മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തെളിയിക്കുന്ന ഡിജിറ്റൽ പേമന്റ് രേഖകളും, വിതരണക്കാരുമായി നടത്തിയ ചാറ്റ്, ഫോൺ ഡാറ്റ, പണമിടപാട് രേഖകൾ എന്നിവയും പൊലീസിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രക്തത്തിൽ കൊക്കെയ്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നുങ്കമ്പാക്കം പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തമിഴ്നാടിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ശ്രീകാന്തിന് ബന്ധമുണ്ടെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലഹരിമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് പ്രസാദിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് ശ്രീകാന്തിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പ്രസാദിന്റെ മൊഴി പ്രകാരം, 1 ഗ്രാം കൊക്കെയ്നിന് ₹12,000 എന്ന നിരക്കിൽ ഏകദേശം 40 തവണയായി ₹7.72 ലക്ഷം ശ്രീകാന്ത് ഗൂഗിൾ പേ വഴി അയച്ചതായി പറഞ്ഞു. സ്വകാര്യ പാർട്ടികളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.
1979 ഫെബ്രുവരി 28ന് ആന്ധ്രാപ്രദേശുകാരനായ പിതാവിന്റെയും തമിഴ്നാട്ടുകാരിയായ മാതാവിന്റെയും മകനായി ശ്രീകാന്ത് ജനിച്ചു. മദ്രാസിലാണ് ജനിച്ചെങ്കിലും ഹൈദരാബാദിലായിരുന്നു വളർച്ച. പിതാവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു. 2008 സെപ്റ്റംബർ 7ന് വന്ദനയെ വിവാഹം ചെയ്ത അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.
1999-ൽ ടി.വി സീരിയലിലൂടെയാണ് ശ്രീകാന്ത് അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. 2002-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം റോജാ കൂട്ടത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിയത്. 2003-ലെ ഒക്കരിക്കി ഒക്കരു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിലേയ്ക്ക് എത്തുന്നത്. മലയാളത്തിൽ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. തമിഴ്, മലയാള സിനിമകളിൽ ശ്രീകാന്ത്” എന്ന പേരിലും, തെലുങ്കിൽ “ശ്രീറാം” എന്ന പേരിലുമാണ് അദ്ദേഹം അറിയപ്പെടുന്നത്.
