ടെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ സംഘർഷം വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. ഇറാൻ ഇസ്രയേലിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ടുകൾ. എന്നാൽ ഇസ്രയേലി പ്രതിരോധ സംവിധാനങ്ങൾ ഇവ തടയാൻ വിജയിച്ചു എന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.Iran-Israeli attack: Tensions rise again after ceasefire
നോർത്തേൺ ഇസ്രയേലിൽ അപകടസൂചനയായി സൈറൺ മുഴങ്ങിയതോടെ ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇസ്രയേൽ ഒരുക്കങ്ങളിലാണ്. “ടെഹ്റാന്റെ ഹൃദയ ഭാഗത്തേക്ക് തന്നെ ശക്തമായ ആക്രമണം നടക്കും” ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന് നിർദേശം നൽകി. “ടെഹ്റാൻ കുലുങ്ങും” എന്ന മുന്നറിയിപ്പുമായി ധനകാര്യ മന്ത്രി ബെസേൽ സ്മോട്ട്രിച്ച് രംഗത്തെത്തി.
ഇരു രാജ്യങ്ങൾക്കും ഇടയിൽ വെടിനിർത്തൽ നിലവിൽ വന്നതായി അറിയിച്ചത് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്. “12 ദിവസത്തെ യുദ്ധം അവസാനിച്ചു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വെടിനിർത്തൽ ലംഘിക്കരുതെന്നും ട്രൂത്ത് സോഷ്യൽ മീഡിയയിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മുമ്പാണ് ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ദോഹയ്ക്ക് പുറത്തുള്ള അൽ ഉദൈദ് വ്യോമതാവളമാണ് ലക്ഷ്യം വച്ചത്. ഇത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളങ്ങളിൽ ഒന്നാണ്, ഏകദേശം 10,000 സൈനികരാണ് ഇവിടെ തങ്ങുന്നത്.
