പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം സ്വദേശത്ത് എത്തിച്ചു. പത്തനംതിട്ടയിലെ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം വച്ചിരിക്കുകയാണ്. തുടർന്ന് വീട്ടിലേക്കും അവിടെനിന്ന് വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കാരവും നടക്കും.Ahmedabad plane crash: Ranjitha’s body brought back home
തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര് അനിലും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഇരുവരും അന്തിമോപചാരം അര്‍പ്പിച്ചു. സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബി ജെ പി നേതാവ് എസ് സുരേഷ് എന്നിവരും വിമാനത്താവളത്തില്‍ എത്തി പുഷ്പാഞ്ജലിയും അനുശോചനവും അര്‍പ്പിച്ചു.
അപകടം നടന്നതിന് പതിനൊന്നാം ദിവസമായാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. യുകെയില്‍ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഈ ദുരന്തത്തില്‍ മരിച്ച ഏക മലയാളിയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ നഴ്സ് ആയി ജോലി ലഭിച്ച രഞ്ജിത അവധിയെടുത്താണ് യുകെയിലേക്കു പോയത്. അവധി പുതുക്കുന്നതിനായി കേവലം അഞ്ച് ദിവസത്തെ ലീവെടുത്തു ലണ്ടനില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു. തിരികെ പോകാനിരിക്കെ ഈ മാസം 12നാണ് അതിഭീകരമായ വിമാനാപകടം നടന്നത്.
