മസ്കറ്റ്: 42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാൻ. അഞ്ച് ശതമാനം നികുതിയായിരിക്കും ഏർപ്പെടുത്തുന്നത്. എണ്ണ വരുമാനത്തിലുള്ള ആശ്രയം കുറച്ചുകൊണ്ട് സർക്കാരിലേക്കുള്ള വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 2028 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ മേഖലയിൽ വ്യക്തഗത ആദായനികുതി ഏർപ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകും ഒമാൻ. ഒമാൻ ഭരണാധികാരി നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.Oman prepares to impose personal income tax
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അനന്തരാവകാശം, സകാത്ത്, സംഭാവനകൾ, പ്രാഥമിക ഭവനം, മറ്റ് ഘടകങ്ങൾ തുടങ്ങിയ സാമൂഹിക പരിഗണനകൾ കണക്കിലെടുത്ത് കിഴിവുകളും ഇളവുകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നികുതി ഏർപ്പെടുത്തുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും ആവശ്യകതകളും പൂർത്തിയായതായി വ്യക്തിഗത ആദായ നികുതി പ്രോജക്ട് ഡയറക്ടർ കരീമ മുബാറക്ക് അൽ സാദി അറിയിച്ചു. 2028ന്റെ തുടക്കത്തിൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
