ന്യൂഡല്‍ഹി: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇറാന് ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്ന യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓര്‍മിപ്പിക്കുന്നു. അന്ന് വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷനെക്കുറിച്ചുള്ള നുണകളും ഇപ്പോള്‍ ആണവായുധങ്ങളും ആണെന്ന വ്യത്യാസം മാത്രം. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ ആഗോളതലത്തില്‍ ആയിരിക്കും – ഇന്ത്യയ്ക്കുള്‍പ്പെടെ’, എം എ ബേബി പറഞ്ഞു.
ഒന്നാം നമ്പര്‍ തെമ്മാടി രാഷ്ട്രമാണെന്ന് യു എസ് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാനില്‍ നിന്ന് കയ്യെടുക്കുക! അമേരിക്കന്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കുക! സാമ്രാജ്യം തുലയട്ടെ!’ എന്ന് പറഞ്ഞാണ് എം എ ബേബി കുറിപ്പ് അവസാനിപ്പിച്ചത്.
ഇറാന് ഇസ്രേയേല്‍ സംഘര്‍ഷത്തില്‍ ഇന്നലെ രാത്രിയാണ് അമേരിക്ക ഇടപെട്ടത്. ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന് എന്നീ ആണവനിലയങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങളും ആക്രമിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
ഇറാന് ചര്‍ച്ചകള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കില്‍ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നല്കി. ചര്‍ച്ചകള്‍ക്ക് ഇറാന് തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അഭിനന്ദിച്ച ട്രംപ് ഇസ്രയേലിന്റെ ഗുരുതര ഭീഷണിയെ മായ്ക്കാന്‍ തങ്ങള്‍ ടീമായി പ്രവര്‍ത്തിച്ചുവെന്നും വ്യക്തമാക്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ശക്തിയിലൂടെ മാത്രമേ സമാധാനം സൃഷടിക്കാന്‍ കഴിയൂ. അമേരിക്കയും പ്രസിഡന്റ് ട്രംപും വളരെ ശക്തിയോടെ തന്നെ പ്രവര്‍ത്തിച്ചുവെന്ന കുറിപ്പോട് കൂടിയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ പിന്നാലെ ഇറാന് ഇസ്രയേലിനെ ആക്രമിക്കുകയും തിരിച്ച് ഇസ്രയേല്‍ ആക്രമിക്കുകയും ചെയ്തു. പശ്ചിമേഷ്യയില്‍ നിലവില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
