ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള മൂന്നാമത്തെ വിമാനവും ഇന്ന് ഇന്ത്യയിലെത്തി. മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 290 അംഗ സംഘമാണ് ഡൽഹിയിൽ എത്തിയത്. ഇതോടെ ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 517 ആയി.Operation Sindhu; Third flight from Iran arrives in India
ഇന്ന് തുർക്കമെനിസ്ഥാനിൽ നിന്നുള്ള വിമാനവും മറ്റൊരു വിമാനവുമടക്കം രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിലെത്താനാണ് നിർദേശിച്ചിരിക്കുന്നത്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഇറാനിലെ വ്യോമപാത, ഇന്ത്യക്കാർക്ക് മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കാൻ പരിമിതമായി തുറന്ന് നൽകുകയായിരുന്നെന്ന് ഡൽഹിയിലെ ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസ്സൈനി പറഞ്ഞു. കൂടുതൽ വിമാന സർവീസുകൾ അടുത്ത ദിവസങ്ങളിൽ ആസൂത്രണം ചെയ്യാനാണ് പദ്ധതിയെന്നും ഇന്ത്യൻ സർക്കാരുമായി ചേർന്ന് ഏകോപിതമായ നടപടികൾ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്ക് വേണ്ടി ഇറാൻ വ്യോമപാത തുറന്നുകൊടുത്തത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ ഉദാഹരണമാണെന്ന് വിദേശകാര്യ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി അഭിപ്രായപ്പെട്ടു.
ഇതുവരെ മലയാളികളാരും തിരിച്ചെത്തിയിട്ടില്ല. 17 പേരാണ് നോർക്കയെ സമീപിച്ചത്. ഇവർ വരാനിരിക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. നിലവിൽ ഏകദേശം 10,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടുതലും വിദ്യാർത്ഥികളാണ്. ഇന്ന് എത്തിയവരിൽ 190 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
