ഗാസ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വെള്ളിയാഴ്ച മാത്രം ഗാസയിൽ 82 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഗാസയിലെ ദെയ്ർ എൽ-ബലാഹിൽ ഒരു വീടിന് നേരെ നടന്ന ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇതിൽ സഹായം തേടി നില്ക്കുകയായിരുന്ന കുറിച്ചധികം പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം, മധ്യഗാസയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടു, ഇവരിൽ 23 പേർ സഹായത്തിനായി കാത്തുനിൽക്കവേ ആയിരുന്നു ആക്രമണം. ഗാസ സിറ്റിയിൽ 23 പേർ, തെക്കൻ ഗാസയിൽ 22 പേർ കൊല്ലപ്പെട്ടു. ഇവരിൽ പാതിയോളം പേർ ദുരിതാശ്വാസത്തിനായി കാത്തുനിൽക്കുകയായിരുന്നു.Israeli attack: Many people lost their lives while waiting for help
മെയ് 27 മുതൽ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) സഹായ വിതരണം ആരംഭിച്ചതിനുശേഷം, ഇസ്രയേലി ആക്രമണങ്ങളിൽ സഹായം തേടിയവരിൽ 409 പേർ മരിച്ചതായി ഗാസയിലെ സർക്കാർ മാധ്യമ ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 3203 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
GHF-ന്റെ സഹായ വിതരണത്തിന് യുനിസെഫിന്റെ കടുത്ത വിമർശനമുണ്ട്. വിതരണം ജനങ്ങളിൽ ഇടയിൽ ആശങ്കയും തിരക്കുകളും ഉണ്ടാക്കി അപകടസാധ്യത വർധിപ്പിക്കുന്നുവെന്നാണ് യുനിസെഫ് വക്താവ് ജെയിംസ് എൽഡറുടെ ചൂണ്ടിക്കാട്ടൽ. യുദ്ധമേഖലകളെക്കുറിച്ചുള്ള വ്യക്തമായ വിവരമില്ലായ്മയും, ഇന്റർനെറ്റ് തടസ്സങ്ങൾ കാരണം സഹായ കേന്ദ്രങ്ങളേക്കുറിച്ചുള്ള അറിയിപ്പുകൾ ജനങ്ങൾക്ക് വൈകി ലഭിക്കുന്നതും ദുരന്തത്തിന്റെ തോത് കൂട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം ഗാസയിൽ ഗുരുതരമായ പട്ടിണിയും ജലക്ഷാമവും ഉണ്ടാക്കിയതായി യുനിസെഫ് മുന്നറിയിപ്പ് നൽകി. കുടിവെള്ള സൗകര്യങ്ങൾ തകർന്നുവെന്നാണ് റിപ്പോർട്ട്. കുട്ടികൾക്ക് പോലും ദാഹിച്ച് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ഗാസ നീങ്ങുകയാണെന്ന് ജെയിംസ് എൽഡർ പറഞ്ഞു. നിലവിൽ കുടിവെള്ള ഉൽപ്പാദനത്തിന് വേണ്ടിയുള്ള ശേഷിയുടെ വെറും 40 ശതമാനം മാത്രമേ പ്രവർത്തനക്ഷമമായിരിക്കുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
