തിരുവനന്തപുരം: ആർഎസ്എസ് ബന്ധവുമായി ബന്ധപ്പെട്ട പരാർശത്തിൽ ഇനി ചർച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസ് പരാമർശം സെക്രട്ടറിയേറ്റിൽ ചർച്ചയായില്ലെന്നും വിഷയം ഇനി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്എസ് ബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇതിനോടകം വിശദീകരണം നൽകിയതാണെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഐഎം സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നിട്ടുണ്ടെങ്കിൽ അത് പറയുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. വിമർശനവും സ്വയം വിമർശനവുമാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഊർജം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അല്ലേ വിമർശനം ഉയരേണ്ട കാര്യമുള്ളൂ എന്ന് എം വി ഗോവിന്ദൻ ചോദിച്ചു. ഈ വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ല. പറയാനുള്ളതെല്ലാം വളരെ വിശദമായി തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.
രാജ്ഭവനിലെ ഭാരതാംബ വിവാദത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഗവർണർ എടുത്ത നിലപാടിൽ സിപിഐഎം പ്രതിഷേധിക്കുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. രാജ്ഭവനിലെ പരിപാടി ഗവർണർ ആർഎസ്എസ് പരിപാടിയാക്കി മാറ്റി. ആർഎസ്എസ് അടയാളങ്ങൾ പുഷ്പാർച്ചന എന്ന പേരിൽ തിരുകി കയറ്റി. ആർഎസ്എസ് അടയാളങ്ങൾ പരിചയപ്പെടുത്താനുള്ള വേദിയായി രാജ്ഭവനെ മാറ്റുകയാണ്. പൊതുവിൽ അംഗീകരിക്കപ്പെട്ട ചിഹ്നങ്ങൾ മാത്രമേ പരിപാടികളിൽ ഉപയോഗിക്കാൻ പറ്റൂ എന്നും ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ രീതികൾ ലംഘിച്ചത് രാജ്ഭവനാണ്, അല്ലാതെ മന്ത്രിയല്ല. പൊതുപരിപാടികളിൽ ഭാരതാംബ ഉണ്ടാകില്ലെന്ന് പറഞ്ഞതാണ്. അതിൽ നിന്ന് രാജ്ഭവൻ പിന്നോക്കം പോയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നിലമ്പൂരിൽ എൽഡിഎഫ് മികച്ച രാഷ്ട്രീയ പോരാട്ടം നടത്തിയെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. മികച്ച രീതിയിലാണ് എൽഡിഎഫ് പ്രചാരണം നടത്തിയത്. യുഡിഎഫിനെ ജനങ്ങൾ തള്ളിക്കളയും. പ്രചാരണത്തിൽ അത് വ്യക്തമായതാണ്. വർഗീയ കൂട്ടുകെട്ട് തുറന്നുകാണിക്കാൻ സാധിച്ചു. വലിയ വിജയം നേടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിലെ തർക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും. യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നിലമ്പൂരിൽ വോട്ടെടുപ്പിന് തൊട്ടുമുൻപായിരുന്നു സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി എം വി ഗോവിന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു എന്നായിരുന്നു പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തിൽ പറഞ്ഞതിൽ വ്യക്തത വരുത്തി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സിപിഐഎമ്മിന് ആർഎസ്എസ് കൂട്ടുകെട്ട് അന്നും ഇന്നുമില്ലെന്നും താൻ പറഞ്ഞത് അൻപത് കൊല്ലം മുൻപത്തെ കാര്യമാണെന്നുമായിരുന്നു ഗോവിന്ദൻ വിശദീകരിച്ചത്.
വിഷയം പ്രതിപക്ഷം അടക്കം ചർച്ചയാക്കിയപ്പോൾ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. തങ്ങളിലാരും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആർഎസ്എസ് ആരാധിക്കുന്നവരുടെ ഫോട്ടോയ്ക്ക് മുന്നിൽ ചിലർ താണുവണങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലയുയർത്തിനിന്നുകൊണ്ട് നേരിട്ട് കോൺഗ്രസിനെയും ബിജെപിയെയും ലീഗിനെയും ചെറുത്തുതോൽപ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെത്. കോലീബി സഖ്യവും ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നുനിന്ന് തങ്ങൾക്ക് നേരെ വന്ന കോൺഗ്രസിന്റെ ചിത്രവും ആരും മറന്നു പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്ത മാധ്യമ പ്രവർത്തകയും ഇന്ത്യൻ എക്സ്പ്രസിന്റെ പൊളിറ്റിക്കൽ എഡിറ്ററുമായിരുന്ന നീരജ ചൗധരിയുടെ ‘ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്’ എന്ന പുസ്തകം ഉയർത്തിക്കാട്ടി, അതിലെ ഉള്ളടക്കം വിവരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
