തിരുവനന്തപുരം: വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് തർക്കമില്ലെന്ന റെയിൽവെയുടെ നിലപാട് കനത്ത വിമർശനങ്ങൾക്ക് വിധേയമാകുന്നു. അവസാന 9 മാസത്തിനിടെ 319 പരാതികൾ ലഭിച്ചതും, കഴിഞ്ഞ 4 മാസത്തിനിടെ മാത്രം 14.87 ലക്ഷം രൂപ പിഴ ചുമത്തിയതും വ്യക്തമാക്കുന്ന വിവരാകാശ രേഖകൾ ലഭിച്ചു. കേരളത്തിലോടുന്ന വന്ദേഭാരതിൽ നിന്ന് മാത്രമാണ് ഇത്രയും പരാതികളുണ്ടായിരിക്കുന്നത്.Bad food on Vande Bharat: Railways accused
റെയിൽവേയുടെ നിയമപ്രകാരം പിഴയടച്ച ശേഷം കുറ്റങ്ങൾ ആവർത്തിച്ചാൽ കരാർ റദ്ദ് ചെയ്യുകയും കമ്പനിയോട് സേവനം അവസാനിപ്പിക്കുകയും വേണമെന്ന് ചട്ടമുണ്ടെങ്കിലും, ഇതുവരെ റെയിൽവേ ഇത്തരം നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തലുണ്ട്.
മുന്‍പ് എറണാകുളത്ത് വന്ദേ ഭാരതിലടക്കം വിതരണം ചെയ്യാൻ വെച്ച പഴകിയ ഭക്ഷണം പിടികൂടിയ സംഭവവും വിവാദമായിരുന്നു. ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന സ്വകാര്യ സ്ഥാപനം ആയിരുന്നു ഈ ഭക്ഷണം വിതരണം ചെയ്തത്. കൊച്ചി കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ, ഭക്ഷണം പഴകിയത് ആയിരുന്നെന്ന് കണ്ടെത്തി. ഭക്ഷണപ്പൊതികള്‍ തുറന്ന നിലയിലായിരുന്നു, ഇതിൽ വന്ദേ ഭാരതിന്റെ സ്റ്റിക്കറുകൾ പതിച്ചിരുന്നതും ശ്രദ്ധേയമാണ്.
ഇത് മാത്രമല്ല, മലിനജലം ഒഴുക്കാനുള്ള യാതൊരു സൗകര്യവുമില്ലാത്ത ഈ കേന്ദ്രത്തിലെ വെള്ളം സമീപത്തുള്ള തോട്ടിലേക്കാണ് ഒഴുക്കിയിരുന്നത്. നിയമനിബന്ധനകളെല്ലാം ലംഘിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നടന്നിരുന്നത്.
വന്ദേ ഭാരതിന് പുറമേ, മംഗള ലക്ഷദ്വീപ്, കേരള എക്സ്പ്രസ്സ്, ജയന്തി ജനത എക്സ്പ്രസ്, കൊച്ചുവേളി–ഗോരഖ്പൂർ രപ്തിസാഗർ, ജാംനഗർ–തിരുനെൽവേലി എക്സ്പ്രസ് തുടങ്ങിയ കേരളത്തിലൂടെ സഞ്ചരിക്കുന്ന തിരക്കേറിയ ദീർഘദൂര ട്രെയിനുകളിലും ഈ സ്ഥാപനം ഭക്ഷണം വിതരണം ചെയ്തുവരുന്നു.
