തെൽ അവിവ്: ഇറാനിയൻ മിസൈൽ ആക്രമനത്തെത്തുടർന്ന് ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം വൻ തീപിടിത്തം. തെക്കൻ നഗരമായ ബീർഷെബയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.Iran missile attack: Fire breaks out near Microsoft office
മിസൈൽ ആക്രമണം തടയാനായെന്നാണ് ഇസ്രായേൽ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തീ ആളിപ്പടരുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചപ്പോൾ, ഇസ്രായേൽ പൊലീസ് രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലായി വെടിക്കോപ്പുകൾ വീണതായി സ്ഥിരീകരിച്ചു. നിരവധി നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രദേശത്ത് സൈറൺ മുഴക്കൽ തുടരുന്നു.
ഇതിനു മുമ്പ്, ബീർഷെബയിലെ പ്രധാന സൈനിക ആശുപത്രിയായ സൊറോക്ക മെഡിക്കൽ സെന്റർ ഇറാനിയൻ മിസൈൽ ആക്രമണത്തിൽ തകർന്നിരുന്നു. ഇവിടെ തന്നെ ഇസ്രായേലിന്റെ പ്രധാന വ്യോമതാവളമായ നെവാറ്റിം സ്ഥിതിചെയ്യുന്നുണ്ട്. സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും കുറവില്ലാതെ തുടരുകയാണ്.
അതേസമയം, ഇറാന്റെ ആണവ പദ്ധതി, ഇസ്രായേലിന്റെ ആക്രമണങ്ങൾ എന്നിവയെ കുറിച്ച് ചർച്ച നടത്താൻ ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നിവരുടെ വിദേശകാര്യ മന്ത്രിമാരുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഇന്ന് ജനീവയിൽ കൂടിയാലോചന നടത്തും. ഈ ചർച്ച യൂറോപ്യൻ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണെന്ന് ഇറാൻ വ്യക്തമാക്കി.
