
ടെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാന സുരക്ഷാ കേന്ദ്രം ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇയാവ് കാറ്റ്സ് അറിയിച്ചു. “ഇറാന്റെ ഏകാധിപതിയുടെ വലംകൈ തകർത്തു” എന്ന് പറഞ്ഞ കാറ്റ്സ്, ഖമനെയിയുടെ അധികാര കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ് നല്കി. ടെഹ്റാനില്‍ വൻ സ്ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.Israel’s intense airstrikes in Iran
അതേസമയം, ഈ ആക്രമണത്തെ കുറിച്ച് ഇറാന് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാൻ കീഴടങ്ങില്ലെന്നും ഇത്തരം ഭീഷണികൾക്ക് വിധേയരാകില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പറഞ്ഞു. അമേരിക്ക ഇടപെട്ടാൽ അതിന് അതിരൂക്ഷമായ പ്രത്യാഘാതമുണ്ടാകുമെന്നും, ഒരു തലമുറക്കു മറക്കാനാകാത്ത നാശം സംഭവിക്കുമെന്നും ഖമനയി പ്രസ്താവിച്ചു.
ഇറാനെ ആക്രമിക്കുമോ ഇല്ലയോ എന്ന് തനിക്കു മാത്രമേ അറിയൂവെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. “ഖമനയിയെ ഇപ്പോൾ വധിക്കുന്നില്ല, ഒളിച്ചിരിക്കുന്ന സ്ഥലം അറിയാം” എന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. ഖമനയിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ ശക്തമായ തിരിച്ചടിയുമായി രംഗത്തുവന്നു.
ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ അമേരിക്ക പങ്കാളിയാകുമോ എന്ന കാര്യത്തിൽ ട്രംപ് ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് സംസാരിച്ചെന്നും, സൈനിക നടപടികൾ തുടരാൻ ‘യെസ്’ പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കന പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലേയും ഭിന്നതകളാണ് ട്രംപ് ഈ സാഹചര്യത്തില്‍ നേരിടുന്നത്. ഇറാനെ നേരിട്ട് ആക്രമിക്കാനൊരുങ്ങുന്ന ട്രംപിന് സ്വന്തം പാര്‍ട്ടിയിലെയും എതിർപ്പുകളെ മറികടക്കാനാവുമോ എന്നതും ചോദ്യംചെയ്യപ്പെടുന്നു.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിച്ചുവെന്നും, ഇറാൻ ഇപ്പോൾ നിസ്സഹായമാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ചർച്ചയ്ക്ക് സമീപിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞുവെന്നും വൈറ്റ് ഹൗസിന് പുറത്തുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ട്രംപ് കൂട്ടിച്ചേർത്തു.