രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടര്ന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ മാപ്പ് പറഞ്ഞു. അപകടത്തിൽപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്നും, രണ്ട് എഞ്ചിനുകളും പ്രവർത്തനക്ഷമമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പൈലറ്റുമാർ പരിചയ സമ്പന്നരായിരുന്നുവെന്നും, സുരക്ഷാപരമായ ഗുരുതരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിൽ ഡിജിസിഎ വിമാനത്തിന് സർവീസ് അനുവദിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.Ahmedabad plane crash: Tata Sons chairman apologizes
“മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. അത്രയും ബുദ്ധിമുട്ടുള്ള സാഹചര്യമാണ് ഇത്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് ഇപ്പോൾ വേണ്ടത്. അവരെ പിന്തുണയ്ക്കാൻ ഞങ്ങൾ എന്തും ചെയ്യാൻ തയാറാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഒര ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എൻ. ചന്ദ്രശേഖരൻ തന്റെ പ്രതികരണം പങ്കുവച്ചത്.
അപകടം നടന്നത് ടാറ്റാ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഒരു വിമാനക്കമ്പനിയിലാണെന്ന് താൻ അഗാധമായി ഖേദിക്കുന്നുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഇരുവരും പരിചയസമ്പന്നരും മികച്ച പ്രൊഫഷണലുകളുമായിരുന്ന പൈലറ്റുമാരെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. അപകട കാരണം വ്യക്തമാകാൻ ബ്ലാക്ക് ബോക്സും മറ്റ് റെക്കോർഡറുകളും നിർണായകമാകുമെന്ന് വിദഗ്ധർ പറഞ്ഞു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബോയിംഗ് 787 വിമാനങ്ങൾ ടാറ്റ എയർ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുമ്പ് വാങ്ങിയതാണെന്നും, ഈ മോഡലുകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. അപകടത്തിന്റെ യഥാർത്ഥ കാരണം അറിയാൻ അന്വേഷണ റിപ്പോർട്ടിന്റെ ഫലം കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽപ്പെട്ട വിമാനത്തിലെ പൈലറ്റുമാരുടെയും ജീവനക്കാരുടെയും പരിശീലന റെക്കോർഡുകൾ ഡിജിസിഎ വിശദമായി പരിശോധിച്ചതായും ചന്ദ്രശേഖരൻ അറിയിച്ചു.
