വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറുമായി ബുധനാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയോടൊപ്പം ഉച്ചഭക്ഷണവുമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. കാബിനറ്റ് റൂമിലാണ് ഇരുവരും ഉച്ചഭക്ഷണം പങ്കിടുന്നത്.Trump-Asim Munir meeting at the White House on Wednesday
ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ട്രംപ് കാനഡയിൽ നടന്ന ജി7 ഉച്ചകോടി മധ്യത്തിൽവച്ചു അവസാനിപ്പിച്ച് ചൊവ്വാഴ്ച വാഷിംഗ്ടണിലേക്ക് മടങ്ങിയെത്തിയത്.
കഴിഞ്ഞദിവസം അമേരിക്കയിലെ പാകിസ്താൻ ജനങ്ങളുമായി അദ്ദേഹം സംവദിച്ചിരുന്നു. കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അന്താരാഷ്ട്ര അതിർത്തികൾ ലംഘിക്കുന്ന അപകടകരമായ ഒരു പുതിയ രീതി സ്ഥാപിക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് മുനീർ ആരോപിക്കുകയും ചെയ്തു.
അസിം മുനീറിനെ യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികാഘോഷ പരിപാടിയിൽ ക്ഷണിച്ചിട്ടില്ലെന്നും, പരേഡിനായി വിദേശ സൈനിക നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇന്ത്യ – പാകിസ്താൻ ബന്ധത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് നടത്തിയ അവകാശവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. വിഷയത്തിൽ ഇന്ത്യക്ക് വ്യക്തമായ നിലപാടുള്ളതായും മധ്യസ്ഥത ആവശ്യമില്ലെന്നും അദ്ദേഹം ട്രംപിനോട് ഫോണിൽ പറഞ്ഞതായി അധികൃതർ അറിയിച്ചു. ഫോൺസംവാദത്തിൽ ഇരുവരും ഇസ്രായേൽ-ഇറാൻ പ്രശ്നം ചർച്ചചെയ്തതായും, അടുത്ത ക്വാഡ് യോഗത്തിൽ പങ്കെടുക്കാനായി മോദിയുടെ ക്ഷണം ട്രംപ് അംഗീകരിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി.
കാനഡയിൽ നിന്നുള്ള മടങ്ങലിനിടയിലാണ് ട്രംപിന്റെ വാഷിംഗ്ടൺ സന്ദർശനത്തിനുള്ള സാധ്യത ഉരുത്തിരിഞ്ഞത്. എന്നാൽ നേരത്തെ നിശ്ചയിച്ചിരിക്കുന്ന മറ്റ് പരിപാടികൾ മൂലം സമയസൗകര്യമില്ലെന്ന് മോദി ട്രംപിനോട് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
