ഡൽഹി: ഉപഭോക്താക്കൾ റിട്ടേൺ ചെയ്ത വസ്തുക്കൾ തട്ടിയെടുത്ത് പകരം പാഴ് വസ്തുക്കൾ അയച്ച ഡെലിവറി ബോയ് പിടിയിൽ. 22 വയസ്സുള്ള കിഷൻ എന്ന ആമസോൺ ഡെലിവറി ജോലിക്കാരനെയാണ് ഡൽഹി പൊലീസ് അറസ്റ്റുചെയ്തത്.Delivery fraud: Amazon employee arrested
ഉപഭോക്താക്കൾ റിട്ടേൺ നൽകിയ വസ്തുക്കൾ കൈപ്പറ്റിയ ശേഷം, അവയിൽ നിന്ന് വിലമതിക്കുന്ന സാധനങ്ങൾ നീക്കി, പാഴ് വസ്തുക്കളാണ് ആമസോൺ വെയർഹൗസിലേക്ക് അയച്ചിരുന്നത്. ചെരുപ്പുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾവരെ ഉൾപ്പെടെ കിഷൻ തട്ടിയെടുത്തതായി റിപ്പോർട്ടുണ്ട്.
ഒരു ഉപഭോക്താവിന്റെ വിലകൂടിയ ടാബ്ലെറ്റ് കിഷൻ മാറ്റിയ ശേഷം പഴയ ടാബ്ലെറ്റ് വെയർഹൗസിലേക്ക് അയച്ചത് ജീവനക്കാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ, കിഷൻ ഡൽഹിയിലെ ദാബ്രിയിലെ വിജയ് എൻക്ലേവിൽ താമസിക്കുന്നതും, 2023 മുതൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തി വരികയാണെന്നതും വ്യക്തമായി.
ഉത്തംനഗറിലെ രാജാപുരിയിൽ നിന്നാണ് കിഷനെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും ഫോണിന്റെ ട്രാക്കിംഗുമാണ് അന്വേഷണത്തിനായി ഉപയോഗിച്ചത്. തുടര്‍ന്നുള്ള പരിശോധനയിൽ, കിഷനിൽ നിന്ന് മോഷ്ടിച്ച ടാബ്ലെറ്റും മൂന്ന് വിലയേറിയ വാച്ചുകളും രണ്ട് ജോഡി ചെരിപ്പുകളും, 22 ടീഷർട്ടുകളും പൊലീസ് കണ്ടെടുത്തു.
ഇതുവരെ 38 ഡെലിവറി ഇടപാടുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് അറിയിച്ചു.
