കൊച്ചി: മുർഷിദാബാദിൽ നിന്ന് ട്രെയിൻ മാർഗം എറണാകുളത്തേക്ക് കഞ്ചാവ് കടത്തിയ രണ്ടു യുവതികളെ റെയിൽവേ പോലീസ് പിടികൂടി. അറസ്റ്റിലായത് ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21)യും അനിത ഖാതൂൻ ബിബി (29)യുമാണ്. ഇവരിൽ സോണിയ ഒരു ഡിഗ്രി വിദ്യാർത്ഥിനിയാണ്. ആകെ 37 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.Two young women arrested for smuggling cannabis via train
അവധി ദിനമായ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഇരുവരും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പാലക്കാടു മുതൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ, ബാഗുകളുമായി സംശയാസ്പദമായി നടക്കുന്നത് കണ്ട വനിതാ പോലീസുകാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് ട്രോളി ബാഗുകളിലായി കഞ്ചാവ് കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്നാണ് ഇരുവരും കൊച്ചിയിലേക്ക് ട്രെയിന്‍ കയറിയത്. സാധാരണ പാലക്കാടാണ് ഇത്തരംസംഘങ്ങള്‍ കഞ്ചാവ് എത്തിക്കാറുള്ളത്. പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഇത്തവണ റൂട്ടു മാറ്റിപിടിച്ചെങ്കിലും കുടുങ്ങുകയായിരുന്നു.
സോണിയ മുൻപും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഓർഡർ പ്രകാരമുള്ള കഞ്ചാവാണ് ഇവർ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. കൃത്യമായി പറഞ്ഞു തരുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചാൽ ഓരോ കിലോഗ്രാമിനും കമ്മിഷൻ ലഭിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഞ്ചാവ് കൈമാറിയതിനു ശേഷം ഇവർ ഉടൻ തിരിച്ചുപോകുന്ന രീതിയിലാണ് പ്രവർത്തനം.
ഇവർക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നുവെങ്കിലും പോലീസ് എത്തുന്നതറിഞ്ഞതോടെ ഇയാൾ ഓടി രക്ഷപെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുവതികളെ നിലവിൽ ഗവ. റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലാണ് ചോദ്യംചെയ്യുന്നത്. ലഹരിക്കടത്ത് സംഘത്തിൽ കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. കേരളത്തിലേക്ക് ട്രിപ്പ് പോകുകയാണ് എന്ന പേരിലായിരുന്നു യുവതികൾ ലഹരിക്കടത്ത് നടത്തിയിരുന്നത്.
