കൊച്ചി: കെനിയയില്‍ വിനോദയാത്രയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. അവിടെ നിന്നും അവരവരുടെ സ്വദേശങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.Kenya road accident: Bodies to arrive in Kochi today
നെയ്റോബിയിലും കൊച്ചിയിലുമുള്ള അധികാരികളില്‍ നിന്നുള്ള അനുമതി വെള്ളിയാഴ്ച ലഭിച്ചതോടെയാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ട സാഹചര്യത്തിലായതിനാലാണ് മൃതദേഹങ്ങള്‍ കൂട്ടിയായാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. ഖത്തറില്‍ നിന്ന് വിനോദസഞ്ചാരത്തിന് പുറപ്പെട്ട 28 അംഗ ഇന്ത്യന്‍ സംഘമാണ് കെനിയയില്‍ അപകടത്തില്‍പ്പെട്ടത്.
തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര വയസ്) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ച മലയാളികള്‍. ഇവരുടെ മൃതദേഹങ്ങളാണ് ഇന്ന് നെടുമ്പാശ്ശേരിയില്‍ എത്തിക്കുക. ജസ്നയുടെയും മകളുടേയും മൃതദേഹങ്ങള്‍ പേഴക്കാപ്പള്ളിലേക്കും, റിയയുടെയും മകളുടേയും മൃതദേഹങ്ങള്‍ പാലക്കാട് സ്വദേശമായ മണ്ണൂരിലേക്കും കൊണ്ടുപോകും.
തിങ്കളാഴ്ച (പ്രാദേശിക സമയം വൈകിട്ട് 4 മണിക്ക്) വടക്കുകിഴക്കന്‍ കെനിയയിലെ ന്യാൻഡറുവ പ്രദേശത്താണ് ബസ് അപകടം നടന്നത്. കനത്ത മഴയിലുണ്ടായ നിയന്ത്രണ നഷ്ടത്തെ തുടര്‍ന്ന്, വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് ഏകദേശം 100 മീറ്റർ താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടകാരണം.
27 പേര്‍ക്ക് പരിക്കേറ്റതായും, 6 പേര് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ചവരുടെ സംഖ്യയില്‍ പെട്ടത് കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ആളുകളാണ്. യാത്ര ഖത്തറിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലൂടെ സംഘടിപ്പിച്ച പാക്കേജിന്റെ ഭാഗമായിരുന്നു. 2 ടൂറിസ്റ്റ് ഗൈഡുകളും സംഘത്തിലുണ്ടായിരുന്നു.
മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
