അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു.
സംഭവസ്ഥലത്തെ വിലയിരുത്താൻ എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണും എത്തിയിരുന്നു. ഇതിനുമുന്‍പ് ആഭ്യന്തരമന്ത്രി അമിത് ഷായും പ്രദേശത്തെ സന്ദര്‍ശിച്ചിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർ മരിച്ചു. വിമാനത്തിന്റെ തകർച്ചയിലൂടെ തൊട്ടടുത്ത പ്രദേശത്ത് ഉണ്ടായ അപകടത്തിൽ 29 പേർ കൂടി മരണപ്പെട്ടു. മരിച്ചവരിൽ 24 പ്രദേശവാസികളും അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
അപകടത്തിൽ നിന്ന് ജീവൻ രക്ഷിക്കപ്പെട്ട ഏകയാളാണ് ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിശ്വാസ് കുമാർ. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തെ ആശുപത്രിയിൽ നേരിൽ സന്ദർശിച്ചു.
മരിച്ച മലയാളി വനിത രഞ്ജിതയുടെ സഹോദരൻ രതീഷ് ഇന്ന് നാട്ടിൽ എത്തും. രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ശേഷം, പത്തനംതിട്ടയിലെ പുല്ലാട്ടിലേക്കുള്ള യാത്ര ആരംഭിക്കും.വിദേശത്ത് ജോലി ചെയ്യുകയായിരുന്ന രതീഷ് അപകടത്തെ തുടർന്ന് അടിയന്തിരമായി നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയ്ക്കായി അദ്ദേഹം സഹോദരനായ രഞ്ജിത്തിനൊപ്പമായി അഹമ്മദാബാദിലേക്ക് പുറപ്പെടും. തിരുവല്ല തഹസിൽദാറിൽ നിന്ന് ആവശ്യമായ രേഖകൾ വാങ്ങിയശേഷം, ഇരുവരും ആശുപത്രിയിലേക്ക് യാത്രതിരിക്കും.
അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണിയും അഹമ്മദാബാദിലെത്തി. അഞ്ജലിയെയും മകളെയും കാണാനായി വിജയ് രൂപാണി ലണ്ടനിലേക്ക് പോകുന്ന യാത്രയിലാണ് വിമാനം അപകടത്തിലായത്. ഭാര്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം യാത്ര ചെയ്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നാഗ്പൂരിൽ നിന്നുള്ള കുടുംബത്തിലെ മൂന്നു പേരും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. അഹമ്മദാബാദിൽ താമസിക്കുന്ന മനീഷ് കാംദാറിന്റെ മകൾ യാഷ മോധ (32), മകൻ രുദ്ര (1.5 വയസ്), ഭര്‍തൃമാതാവ് രക്ഷ മോധ (58) എന്നിവരാണ് മരണപ്പെട്ടത്.
രാജസ്ഥാനിൽ നിന്നുള്ള ഡോക്ടര്‍ ദമ്പതികളും അവരുടെ മൂന്നു മക്കളും അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. ഉദയ്പൂരിലെ ഡോ. പ്രതീക് ജോഷി, ഭാര്യ ഡോ. കോമി വ്യാസ്, മക്കളായ നകുല്‍, പ്രദ്യുത്, മിറായ എന്നിവരാണ് മരിച്ചത്. നകുല്‍-പ്രദ്യുത് ഇരട്ടക്കുട്ടികളാണ്.ഉദയ്പൂരിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന കോമിയും കുടുംബം മുഴുവനും ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനം കയറിയതാണ്.
