തിരുവനന്തപുരം: കേരളം ഉൾപ്പെടെ കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ പശ്ചിമ തീര സംസ്ഥാനങ്ങളിൽ അടുത്ത 7-8 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ചൈന കടലിൽ ചുഴലിക്കാറ്റിന്റെ ഭീഷണിയുള്ളതിനൊപ്പം, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും കാലവർഷക്കാറ്റ് ക്രമേണ ശക്തിപ്രാപിക്കുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
എറണാകുളം, തൃശൂർ ജില്ലകളിൽ ഇപ്പോഴത്തെ മണിക്കൂറുകളിൽ ഇടത്തരം മുതൽ ശക്തമായ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് വ്യാപകമായ മഴയും, ജൂൺ 14-16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയും, ജൂൺ 12-16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. ജൂൺ 14-ന് മണിക്കൂറിൽ 50-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
