ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായി കെനിയയിലേക്ക് പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് ദാരുണമായ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. അപകടത്തിൽ പരിക്കേറ്റവരെ നെയ്റോബിയിലെ ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
യാത്രയുടെ ഭാഗമായിരുന്ന യാത്രാരേഖകൾ നഷ്ടപ്പെട്ടതും ചാലഞ്ചിംഗ് ആണെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തിൽ നടപടികൾ പുരോഗമിക്കുന്നു. മലയാളി സംഘടനാ പ്രവർത്തകർ അതിവേഗ സഹായം എത്തിക്കുന്നുണ്ട്.
ഖത്തറിൽ നിന്ന് കെനിയയിലേക്കു വിനോദയാത്രയ്ക്കായി പോയ ഇന്ത്യക്കാർ സഞ്ചരിച്ചിരുന്ന വാഹനം തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെ അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ 6 പേർ മരിച്ചതായും 27പേർക്ക് പരിക്കേറ്റതായുമാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ അഞ്ച് മലയാളികളും ഉൾപ്പെടുന്നു. പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തൃശ്ശൂര്‍ സ്വദേശി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന് മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ (41) മകള്‍ ടൈറ റോഡ്വിഗസ് (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്.
വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചായിരുന്നു സംഭവം. വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
