കൊച്ചി: മള്‍ട്ടിപ്ലക്സ് തീയറ്ററുകളിൽ ഈടാക്കുന്ന അധിക ടിക്കറ്റ് ചാർജ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നും അധിക നിരക്ക് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.ഹൈക്കോടതി സര്‍ക്കാരിന് മൂന്ന് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചു.
പിവിആര്‍, ഇനോക്സ് എന്നിവ ഉള്‍പ്പെടെയുള്ള മള്‍ട്ടിപ്ലക്സ് തീയറ്ററുകൾ പൊതുജനത്തിന് സാമ്പത്തികഭാരമായിക്കൊണ്ടിരിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. മറ്റു പല സംസ്ഥാനങ്ങളിലും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിയമം നിലവിലുണ്ടെങ്കിലും, കേരളത്തില്‍ അത്തരം നിയമം നിലവിലില്ല. മദ്രാസ്, തെലങ്കാന ഹൈക്കോടതികൾ ഇതിനകം സമാന വിഷയങ്ങളിൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ ടിക്കറ്റ് നിരക്ക് നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്.
മള്‍ട്ടിപ്ലക്സുകളിൽ ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന നിരക്കുകൾ ഈടാക്കുന്നത് സാമ്പത്തിക ചൂഷണത്തിന് തുല്യമാണെന്നും, ഇത്തരം നടപടികൾ തടയാൻ നിയമപരമായ ഇടപെടല്‍ അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ തീയറ്ററുകൾ ചില സിനിമകള്‍ക്ക് വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായും, റിലീസ് ദിവസങ്ങളിലും അവധി ദിനങ്ങളിലും നിരക്ക് കുത്തനെ ഉയരുന്നതായും ഹര്‍ജിയില്‍ പറയുന്നു. കര്‍ണാടകയിൽ പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയായിട്ടുള്ളപ്പോൾ, കേരളത്തിലെ ചില മള്‍ട്ടിപ്ലക്സുകളില്‍ ഉത്സവസീസണിൽ റിക്ലൈനർ സീറ്റുകൾക്ക് വരെ 1,400 രൂപ വരെ ഈടാക്കിയതായി ഹര്‍ജിയില്‍ പറയുന്നു. ‘എമ്പുരാന്’ സിനിമയ്ക്ക് ചില തീയറ്ററുകൾ 1,200 രൂപ വരെ ഈടാക്കിയെന്നതും ഹര്‍ജിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
2022ലെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 25 ശതമാനം സീറ്റുകൾ നോണ്‍-പ്രീമിയം ആക്കണമെന്നും, 1958ലെ കേരള സിനിമ നിയന്ത്രണ നിയമത്തില്‍ മാറ്റം വരുത്തണമെന്നും, ടിക്കറ്റ് നിരക്കുകളിൽ സമയബന്ധിതമായ കാപ്പിങ് ഏർപ്പെടുത്തണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. ഹര്‍ജി സമർപ്പിച്ചിരിക്കുന്നത് കോട്ടയം തിരുവാര്‍പ്പ് സ്വദേശി മനു നായർ ജിയാണ്. സംസ്ഥാന സര്‍ക്കാരിനൊപ്പം ഫിക്കി – മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യ, സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്, പിവിആര്‍ ഇനോക്സ്, സിനി പോളിസ് തുടങ്ങിയവരും ഹര്‍ജിയില്‍ എതിര്‍കക്ഷികളാണ്.
