ഭക്ഷണത്തിന് രുചി കൂട്ടുന്ന അസാധാരണമായ ഒരു ഇനമാണ് കറിവേപ്പില. എന്നാൽ പലപ്പോഴും നമ്മൾ ചെയ്യുന്നത് – അതിന്റെ രുചിയും ഗുണങ്ങളും ആസ്വദിച്ചശേഷം, കറിയിൽ നിന്ന് എടുത്ത് പുറത്തേക്ക് കളയുകയാണ്.
നമുക്ക് വീട്ടുമുറ്റത്ത് തന്നെ കിട്ടുന്ന കറിവേപ്പില നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നതാണ്.കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, B, C, E എന്നിവ കാഴ്ചശക്തി മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനുമാണ് സഹായിക്കുന്നത്. കൂടാതെ കാൽസ്യം, ഇരുമ്പ് പോലുള്ള അസ്ഥിമജ്ജയെ ഉറപ്പിക്കുന്ന ധാതുക്കളും ഇതിൽ സമൃദ്ധമാണ്.
കറിവേപ്പില വെറും രുചിക്കായി മാത്രമല്ല – അത് ആരോഗ്യത്തിനുള്ള ഒരു പ്രകൃതിദത്ത ഔഷധം കൂടിയാണ്. ഇനി മുതൽ കറിവേപ്പിലയെ അലസമായി പുറത്തേക്ക് കളയണ്ട.
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ
ദഹനത്തിന് സഹായിക്കും
കറിവേപ്പില ആന്റിഓക്സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ അവ സഹായിക്കുന്നു. ദഹനത്തെ സഹായിക്കാൻ കറിവേപ്പിലയ്ക്ക് കഴിയും. പതിവായി കറിവേപ്പില കഴിക്കുന്നത് മലബന്ധം, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.

പ്രമേഹ നിയന്ത്രണം
പ്രമേഹമുള്ളവർക്ക് കറിവേപ്പില ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. ഭക്ഷണത്തിൽ കറിവേപ്പില സ്ഥിരമായി ഉൾപ്പെടുത്തുന്നത് പ്രമേഹരോഗികൾക്ക് ഗുണകരമായിരിക്കും.

മുടിയുടെ ആരോഗ്യ സംരക്ഷണം
മുടി വളരാനും കൊഴിച്ചൽ കുറയ്ക്കാനും കറിവേപ്പില പലപ്പോഴും ഉപയോഗിക്കാറുണ്ട്. കറിവേപ്പില ചേർത്ത എണ്ണകളും ഹെയർ മാസ്കുകളും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ഇതിലെ പോഷകങ്ങൾ ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുകയും അകാല നരയ തടയുകയും ചെയ്യുന്നു.

ശരീരഭാര നിയന്ത്രണം
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കറിവേപ്പില സഹായിച്ചേക്കാം. കൊളസ്ട്രോൾ അളവ് നിലനിർത്താൻ സഹായിക്കുന്ന ആൽക്കലോയിഡുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. കറിവേപ്പില ഹൃദയാരോഗ്യത്തിനും നല്ലതാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
കറിവേപ്പിലയിലെ വിറ്റാമിനുകളും ധാതുക്കളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. അവ ശരീരത്തെ അണുബാധകളെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ സഹായിക്കുന്നു. പതിവായി കഴിക്കുന്നത് സാധാരണ രോഗങ്ങളെ അകറ്റി നിർത്തുകയും മൊത്തത്തിലുള്ള ആരോഗ്യം ഉറപ്പാക്കുകയും ചെയ്യും.
