സിനിമാ നിർമാതാവ് സാന്ദ്ര തോമസിന്റെ ജീവന് ഭീഷണിയായെന്ന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) അംഗം റെനി ജോസഫ് ആണ് സാന്ദ്രയെ വധഭീഷണിയുമായി നേരിട്ട് വിളിച്ചതെന്നാണ് ആരോപണം.
ഈ ബന്ധത്തിൽ രണ്ട് മാസങ്ങൾ മുൻപാണ് സാന്ദ്ര തോമസ് പരാതി നൽകിയതെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് അവർ വ്യക്തമാക്കുന്നു. സിനിമാ നിർമ്മാണത്തിൽ പ്രൊഡക്ഷൻ കൺട്രോളർമാർ അനിവാര്യമല്ലെന്ന സാന്ദ്രയുടെ അഭിപ്രായത്തെ തുടർന്നാണ് റെനി ജോസഫ് ഭീഷണിയുമായി വന്നത്.
ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദപരമായ പ്രസ്താവന വന്നത്. തുടർന്ന് ഫെഫ്കയുടെ യൂനിറ്റുകൾ 50 ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് നൽകുകയും ചെയ്തു. കേസിന്റെ പശ്ചാത്തലത്തിൽ റെനി ജോസഫ് നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയതായും സാന്ദ്രയുടെ പരാതിയിൽ പറയുന്നു.
ഇതേ തുടർന്ന് ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.പരാതിയിൽ കൃത്യമായ തെളിവുകൾ നശിപ്പിക്കാൻ പാലാരിവട്ടം എസ്എച്ച്ഒ പ്രതികൾക്ക് സഹായം നൽകിയെന്നും, ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാണ് സാന്ദ്രയുടെ ആവശ്യം.
ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ചിലർ ഗുണ്ടാസ്വഭാവത്തിൽ പെരുമാറുകയാണെന്നും, നീതിപൂർണ്ണമായ അന്വേഷണത്തിനായി പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും സാന്ദ്ര തോമസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.