തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ഇന്നുമുതൽ മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളെല്ലാം മാറ്റി. 15 എണ്ണമാണ് മാറ്റിയത്. രോഗികളെ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചു. ഉപകരണങ്ങളുടെ ക്ഷാമം കാരണം നിശ്ചയിച്ചപ്രകാരം ശസ്ത്രക്രിയ നടക്കില്ലെന്നും എപ്പോൾ ശരിയാകുമെന്ന് പറയാനാകില്ലെന്നുമാണ് ആശുപത്രിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന അറിയിപ്പ്.
അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്ത കുട്ടികളെ ഡിസ്ചാർജ് ചെയ്തിരുന്നു. അഡ്മിറ്റ് ചെയ്ത 3,4 വയ്സ് പ്രായമുള്ള കുട്ടികളെയാണ് ഡിസ്ചാർജ് ചെയ്തത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റ് വിഭാഗങ്ങളയും വരും ദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കും. 2023ന് ശേഷം ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുമായി ശ്രീചിത്ര കരാർ പുതുക്കിയിട്ടില്ല.
പഴനിരക്കിലാണ് ഇതുവരെ ശസ്ത്രക്രിയാ സാമഗ്രികൾ നൽകിയിരുന്നത്. വിദേശനിർമിത സാമഗ്രികൾക്ക് വിലവർദ്ധിച്ചതോടെയാണ് പഴയനിരക്കിൽ നൽകാനാകില്ലെന്ന് കമ്പനികൾ നിലപാട് കടുപ്പിച്ചത്. സ്ഥിതിരൂക്ഷമായതോടെ ഡയറക്ടർ സഞ്ജയ് ബിഹാരി ഇന്ന് ശ്രീചിത്രയിൽ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചതായി അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ആശുപത്രി അധികൃതർ അത് നിഷേധിച്ചു. ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. ഔദ്യോഗിക ചാനൽ വഴി അല്ലാതെ ഉപകരണങ്ങൾ വാങ്ങില്ലെന്ന പിടിവാശിയാണ് പ്രതിസന്ധിക്ക് പിന്നിൽ.
സാധാരണഗതിയിൽ ശ്രീചിത്രയിലെ പർച്ചേസ് വിഭാഗം ടെണ്ടർ ക്ഷണിച്ച് വിലകുറവുള്ള കമ്പനികളുമായി ചർച്ചനടത്തി ഒരുവർഷത്തേക്ക് വില നിശ്ചയിച്ച് ഉപകരണങ്ങൾ വാങ്ങുന്നതാണ് പതിവ്. എന്നാൽ 2023മുതൽ നിലവിലെ ഡയറക്ടർ ഇതിന് തയ്യറാകുന്നില്ല. ഇതോടെയാണ് സങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്ന ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം പൂർണ്ണമായും നിശ്ചലമായത്.
