ടെൽ അവിവ്: ഗാസ മുനമ്പിലുടനീളം ഇസ്രായേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് 42 പലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയിൽ യുഎസ് നടത്തുന്ന വിതരണ കേന്ദ്രത്തിൽ സഹായം ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബലിപെരുന്നാൾ ദിനത്തിലും ഗാസയിൽ ചോര പുഴയൊഴുകി. ഹമാസ് ചെറുത്തുനിൽപ്പിൽ 5 സൈനികർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന അറിയിച്ചു. ഗാസയിലെ 2.2 ദശലക്ഷം നിവാസികൾക്ക് കടുത്ത പട്ടിണി ഭീഷണി തുടരുന്നതിനിടെയാണ് ആക്രമണങ്ങൾ ഉണ്ടായത്. യുഎസും ഇസ്രായേൽ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും (ജിഎച്ച്എഫ്) സ്ഥാപിച്ച സഹായ വിതരണ കേന്ദ്രങ്ങൾ തുടർച്ചയായ മൂന്നാം ദിവസവും അടച്ചിട്ടിരിക്കുകയാണ്.
പട്ടിണി പിടിമുറുക്കിയ ഗാസയിൽ ഭക്ഷ്യവിതരണം പൂർണമായും നിർത്തിവെച്ച ഇസ്രായേൽ, വ്യാപക ആക്രമണങ്ങൾ തുടരുന്നു. ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ബലിപെരുന്നാൾ ദിനത്തിൽ 42 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. മൂന്ന് മാസത്തിലേറെയായി തുടരുന്ന ഉപരോധം മൂലം പട്ടിണിയിലായ മനുഷ്യർക്ക് ഒരു നേരത്തെ ആഹാരം പോലും കൈമാറാനും ഇസ്രായേൽ വിസമ്മതിക്കുകയാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ബദൽ ഭക്ഷ്യവിതരണ സംവിധാനം ഉണ്ടാകില്ലെന്നാണ് ഇസ്രായേൽ അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഭക്ഷണത്തിന് വരിനിന്നവർക്കു നേരെ നടന്ന വെടിവെപ്പ് സംഭവങ്ങളിൽ 110 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗാസയിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ അന്തർദേശീയ സമൂഹം ഉടനടി എന്തെങ്കിലും ചെയ്തേ തീരൂവെന്ന് യുനിസെഫ് അഭ്യർഥിച്ചു.
പട്ടിണി ആയുധമാക്കി മാറ്റുന്നത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ഗാസയുടെ കണ്ണീരൊപ്പാൻ അസാധാരണ നടപടികൾ ആവശ്യമാണെന്നും ഫ്രാൻസും കാനഡയും വ്യക്തമാക്കി. ഗാസയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളുമായെത്തുന്ന വളരെ കുറച്ച് ട്രക്കുകള്‍ മാത്രമാണ് ഗാസയിലേക്ക് കടത്തിവിടുന്നത്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യവിതരണം ഹമാസ് തടഞ്ഞിരിക്കുകയാണ്. യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പിന്തുണ നല്കുന്ന ഒരു ഭക്ഷ്യവിതരണ സംവിധാനം ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് മേയ് 27 ന് ആരംഭിച്ചിരിക്കുകയാണ്. എങ്കിലും കരിഞ്ചന്തകളും പൂഴ്ത്തിവെയ്പും ഗാസയില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്.
