ഡൽഹി: സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം നൽകാൻ കേന്ദ്ര ടെലികോം വകുപ്പ് അനുമതി നൽകി. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. ടെലികോം വകുപ്പിന്റെ ജിഎംപിസിഎസ് (ഗ്ലോബൽ മൊബൈൽ പഴ്സനൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ്) ലൈസൻസ് ആണ് ലഭിച്ചത്. ബഹിരാകാശ വകുപ്പിന്റെ കീഴിലുള്ള റഗുലേറ്ററി ഏജൻസിയായ ഇൻ–സ്പേസിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ പ്രവർത്തനം ആരംഭിക്കാം. രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സർവീസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ശുപാർശകൾ ടെലികോം വകുപ്പ് അംഗീകരിക്കണം. ഇതനുസരിച്ചാണ് ടെലികോം സ്പെക്ട്രം അനുവദിക്കുക.
ഉപഗ്രഹ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ലേലമില്ലാതെ നേരിട്ടാണ് കേന്ദ്രം സ്പെക്ട്രം നൽകുന്നത്. സ്റ്റാർലിങ്കിന് 15–20 ദിവസത്തിനുള്ളിൽ ട്രയൽ സ്പെക്ട്രം അനുവദിക്കും. ഇന്ത്യ–അമേരിക്ക വ്യാപാരചർച്ചകൾ ആരംഭിച്ചതിനു പിന്നാലെ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിനുള്ള നടപടികളും കേന്ദ്രം വേഗത്തിലാക്കിയിരുന്നു. മസ്കിന്റെ 2 ബിസിനസ് സംരംഭങ്ങളാണ് ഒരുമിച്ച് ഇന്ത്യയിലേക്ക് എത്തുന്നത്.
