വാഷിങ്ടൺ: 19 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി അമേരിക്ക. ദേശീയ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നു. 12 രാജ്യങ്ങളിലെ പൗരന്മാർക്ക് പൂർണ വിലക്കും ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് ഭാഗിക വിലക്കുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അഫ്ഗാനിസ്താൻ, മ്യാൻമാർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് അമേരിക്ക പൂർണമായും നിരോധനമേർപ്പെടുത്തിയത്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്താൻ, വെനസ്വേല എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് ഭാഗിക വിലക്കേർപ്പെടുത്തിയത്.
ശരിയായ പരിശോധനയ്ക്ക് വിധേയരാകാത്ത വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുവെന്ന് വിലയിരുത്തിയാണ് നടപടി. കൊളറാഡോയിലെ ബൗൾഡറിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെയാണ് അമേരിക്കൻ ഭരണകൂടം നടപടികൾ കടുപ്പിക്കുന്നത്.തിങ്കളാഴ്ച്ച മുതലാണ് അമേരിക്കയിൽ പ്രവേശന വിലക്ക് പ്രാബല്യത്തിൽ വരിക.
