
ന്യൂഡൽഹി: ഇത്തവണത്തെ ജി7 ഉച്ചകോടിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നേക്കും. കാനഡയാണ് ഉച്ചകോടിക്ക് വേദിയാവുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ കണക്കിലെടുത്താണ് മോദി വിട്ടുനിൽക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ ക്ഷണം സ്വീകരിച്ച നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇക്കുറി അതിന് സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക സമ്പദ്വ്യവസ്ഥകളായ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവയുടെ അനൗപചാരിക ഗ്രൂപ്പാണ് ജി 7 എന്ന പേരിൽ അറിയപ്പെടുന്നത്. സാധാരണയായി യൂറോപ്യൻ യൂണിയൻ, ഐഎംഎഫ്, ലോക ബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവയും ഇതിൽ പങ്കെടുക്കാറുണ്ട്.
ദക്ഷിണാഫ്രിക്ക, യുക്രൈൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ കാനഡയിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ഇന്ത്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ജൂൺ 15 മുതൽ 17 വരെ കാനഡ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നും, പങ്കെടുക്കാൻ ഇന്ത്യയും താൽപ്പര്യപ്പെടുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി അടക്കമുള്ള ഉന്നതതല നേതാക്കൾ സന്ദർശനം നടത്തണം എന്നുണ്ടെങ്കിൽ നയതന്ത്ര ബന്ധത്തിൽ കൂടുതൽ മെച്ചപ്പെടൽ ആവശ്യമാണ് എന്നാണ് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലേക്ക് പോവുന്നതിൽ സുരക്ഷാ ആശങ്കകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാർത്ത ശരിയായാൽ കഴിഞ്ഞ ആറ് വർഷങ്ങൾക്ക് ഇടയിൽ മോദി പങ്കെടുക്കാത്ത ആദ്യത്തെ ജി7 ഉച്ചകോടിയ്ക്ക് ആവും കാനഡ സാക്ഷ്യം വഹിക്കുക. ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണി സർക്കാർ താൽപ്പര്യപ്പെടുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി അങ്കിത ആനന്ദ് കനേഡിയൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.