കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താല്പര്യമില്ല എന്നതാണ് കാരണം. രജിസ്റ്റർ ചെയ്ത 35 കേസുകളും പോലീസ് അവസാനിപ്പിക്കുകയാണ്. നിലവിൽ 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കും. സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിൽ തൊഴിലടത്തുണ്ടായ തിക്താനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികള്‍ ഞെട്ടിച്ചിരുന്നു.
കമ്മിറ്റിക്ക് മൊഴി നൽകാത്ത ചില വനിതാ പ്രവർത്തകരും ലൈംഗികാതിക്രമ പരാതികൾ ഉന്നയിച്ചിരുന്നു. 40 കേസുകളാണ് ഇത്തരത്തിലെടുത്തത്. ഇതിൽ 30 ഓളം കേസുകളിൽ കുുറ്റപത്രം സമർപ്പിച്ചു. മുകേഷ്, മണിയൻപിള്ള രാജു, രഞ്ജിത്, സിദ്ധിഖ്, ജയസൂര്യ അടകകമുള്ളവർക്കെതിായ കേസുകളിലായിരുന്നു കുറ്റപത്രം നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ പുറത്തു വിട്ടിരുന്നില്ല. വിവരാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്നായിരുന്നു റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തുവന്നത്. കമ്മിറ്റി ശുപാർശകള്‍ക്ക് പിന്നാലെ മോശം അനുഭവങ്ങളുണ്ടായവർ പരാതിയുമായി വന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകള്‍ പൊലിസ് രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നൽകി. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിരുന്നു നോട്ടീസിന് നൽകിയ മറുപടി. കോടതി മുഖേനയും മൊഴി നൽകിവർക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകള്‍ മൊഴി നൽകിയതോടെ 21 കേസുകളുടെ തുടർ നടപടിയും അവസാനിപ്പി ച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നൽകിയവർ ആവർത്തിച്ചത്. ചിലർ കോടതിയിൽ മൊഴി നൽകാൻ വിമുഖത കാണിച്ചു. തുടർ നടപടികള്‍ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ഈ മാസം കോടതിയിൽ നൽകുന്നതോടെ ഹേമ കമ്മിറ്റിയിൽ എടുത്ത എല്ലാ കേസുകളും അവസാനിക്കും.
