ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴയെത്തുടർന്ന് 13 മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ നിരവധി നാശനഷ്ടങ്ങളും ഉണ്ടായി. മണ്ണിടിച്ചിലിൽ നിരവധി വീടുകളാണ് തകർന്നത്. അരുണാചൽ പ്രദേശിൽ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഏഴ് പേർക്ക് ദാരുണാന്ത്യം. അതേസമയം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മൺസൂൺ ശക്തമായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയിലും അധികം മഴയാണ് ലഭിക്കുന്നത്. അസ്സം, ത്രിപുര, മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ ഇന്നലെ ശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു. മണ്ണിടിച്ചിലിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
അതേസമയം മേഘാലയയിലും മഴയെത്തുടർന്നുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. അരുണാചൽ പ്രദേശിലെ ബന-സെപ്പയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴ് പേർ മരിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
