മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപനത്തിന് പിന്നാലെ എം. സ്വരാജ് മണ്ഡലത്തിൽ ചുവടുറപ്പിച്ചു. നിലമ്പൂരിൽ ട്രെയിനിൽ എത്തിച്ചേർന്ന സ്വരാജിന് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. നൂറുകണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ സ്വീകരണം ആവേശമായി മാറി .
ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിൽ റോഡ് ഷോ നടത്താൻ സ്വരാജ് തയ്യാറെടുക്കുന്നു. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന തരത്തിലാണ് രാത്രി വരെ തുടരും വിധം റോഡ് ഷോ ആസൂത്രണം ചെയ്തിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥിയായി പ്രകടനത്തിന് ശേഷം മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രവർത്തകരിൽ വലിയ ഉന്മേഷമാണ് നിറയുന്നത്. സ്ഥാനാർഥിത്വം വൈകിയില്ലെന്നും ജന്മനാടായ നിലമ്പൂരിൽ മത്സരിക്കാൻ കഴിയുന്നത് ഏറെ അഭിമാനകരമാണെന്നും എം. സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് എം. സ്വരാജ് സ്ഥാനാർഥിയായി തീരുമാനിക്കപ്പെട്ടത്. അദ്ദേഹം ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമാണ്.
മറ്റൊരു വശത്ത്, യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.. ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തി അവസാനത്തിൽ നിലമ്പൂർ താലൂക്ക് ഓഫിസിൽ ഉപവരണാധികാരിയായ തഹസിൽദാർ എം.പി. സിന്ധുവിന് പത്രിക സമർപ്പിച്ചു.. രാവിലെ കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങിയത്. മാധ്യമങ്ങളോട് സംസാരിച്ച ഷൗക്കത്ത് വിജയത്തിൽ ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കി.
