പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ മല്ലന്റെ വാരിയെല്ലിനും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ ഉച്ചയ്ക്കായിരുന്നു മല്ലൻ നേരെ കാട്ടാന ആക്രമണമുണ്ടായത്. ചീരക്കടവ് വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് പശുവിനെ മേയ്ക്കാനായി പോയതായിരുന്നു മല്ലൻ. ഗുരുതര പരിക്കുകളോടെ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം, പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വാളയാർ റേഞ്ചിൻ്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം ആരംഭിച്ചിട്ടുണ്ട്. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കി ആനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തുക. രണ്ടാഴ്ച്ചയിലധികമായി ജനവാസമേഖലയിൽ നിലയുറപ്പിച്ച ആന പ്രദേശത്ത് വ്യാപക നഷ്ടമുണ്ടാക്കിയിരുന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പ് ശാശ്വത പരിഹാരം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ദൗത്യത്തിൻ്റെ ചെലവ് പുതുശ്ശേരി പഞ്ചായത്തായിരിക്കും വഹിക്കുക.
