ഉപയോഗിക്കാത്തതും പഴയതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ സംസ്കരിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് ഇന്ത്യയിലെ മരുന്ന് നിയന്ത്രണ ഏജന്‍സിയായ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സിഡിഎസ്സിഒ) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം വരാതിരിക്കാന്‍ ഇവ പറമ്പിലും മറ്റും വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശം.
വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് ആകസ്മികമായി ദോഷം വരുത്താതിരിക്കാന്‍ ചില മരുന്നുകള്‍ സിങ്കിലോ ടോയ്ലറ്റിലോ ഫ്ളഷ് ചെയ്ത് കളയാനാണ് സിഡിഎസ്സിഒ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. 17 മരുന്നുകളാണ് ‘ഫ്ളഷ് ലിസ്റ്റി’ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും ഡോസ് കൂടുതലുള്ള ഒപിയോയിഡുകളും ഫെന്റനൈല്‍, ഫെന്റനൈല്‍ സിട്രേറ്റ്, മോര്‍ഫിന്‍ സള്‍ഫേറ്റ്, ബ്യൂപ്രെനോര്‍ഫിന്‍, ഡയസെപാം, ട്രമാഡോള്‍, മെത്തഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഓക്സികോഡോണ്‍ തുടങ്ങിയ നിയന്ത്രിത മരുന്നുകളാണ് ഈ ലിസ്റ്റിലുള്ളത്.
ചെറിയ അളവില്‍ പോലും ഈ മരുന്നുകളുടെ ദുരുപയോഗം മാരകമായേക്കാം. വേദനസംഹാരിയായും മാനസികാരോഗ്യം അല്ലെങ്കില്‍ നാഡീ വൈകല്യങ്ങള്‍ എന്നിവയ്ക്കായാണ് ഈ മരുന്നുകള്‍ സാധാരണഗതിയില്‍ ആരോഗ്യ വിദഗ്ധര്‍ കുറിച്ചുനല്‍കുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ക്ക് ആസക്തി, ദുരുപയോഗം, ആകസ്മികമായ അമിത അളവ് എന്നിവയ്ക്കുള്ള ഉയര്‍ന്ന അപകടസാധ്യതയുണ്ട്. ഇതുകണക്കിലെടുത്ത് പ്രത്യേക നിര്‍മാര്‍ജന മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് സിഡിഎസ്സിഒ പറയുന്നു.
