ജറുസലം: ഗാസ സിറ്റിയില്‍ അഭയകേന്ദ്രമായ സ്കൂളില്‍ ഇസ്രയേല്‍ ബോംബാക്രമണം. അക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 36 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതുള്‍പ്പെടെ 52 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ആളുകള്‍ ഉറക്കത്തിലായിരിക്കെ മൂന്നുവട്ടമാണ് സ്കൂളില്‍ ബോംബിട്ടത്. ഇതോടെ വന്‍ തീപിടിത്തവുമുണ്ടായി. പിതാവും 5 കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ജബാലിയയില്‍ മറ്റൊരാക്രമണത്തില്‍ കുടുംബത്തിലെ 16 പേരും കൊല്ലപ്പെട്ടു.
അതിനിടെ, ഗാസയില്‍ ഐക്യരാഷ്ട്രസംഘടന (യുഎന്‍) തള്ളിക്കളഞ്ഞ ഇസ്രയേലിന്റെ പുതിയ സഹായവിതരണ സംവിധാനം ഇന്നലെ ആരംഭിച്ചു. ഇതിന് നിയോഗിക്കപ്പെട്ട വിവാദ സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ മേധാവി ജെയ്ക് വുഡ് ഞായറാഴ്ച രാജി നല്‍കിയിരുന്നു.
