തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ അതൃപ്തി കനക്കുകയാണ്. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഏകപക്ഷീയ നീക്കങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. നേതാക്കളുമായി കാര്യമായ ചര്‍ച്ചകളും ആലോചനകളും നടത്താതെയാണ് പ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്നതിലാണ് നേതാക്കളുടെ പ്രധാന പരാതി.
പാര്‍ട്ടിയെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ചന്ദ്രശേഖറിനെ പാർട്ടി നിയോഗിച്ചെങ്കിലും, മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേരുടെ അഭിപ്രായങ്ങള്‍ അവഗണിക്കപ്പെടുന്നതായും അവകാശപ്പെടുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും മുതിര്‍ന്ന നേതൃത്വത്തിന്റെയും അഭിപ്രായങ്ങള്‍ അവഗണിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നടപ്പാക്കപ്പെടുന്നതായും ആരോപണമുണ്ട്.
കൃഷ്ണദാസ് വിഭാഗവും മുരളീധര വിഭാഗവും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുടെ പട്ടിക പാർട്ടിയുടെ ഉള്ളിൽ ചര്‍ച്ചകളില്ലാതെ പുറത്തിറക്കിയതും സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
അടുത്തിടെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പോലും പ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ പരിശോധിച്ചില്ല. അതേസമയം, കോര്‍ കമ്മിറ്റി അംഗമല്ലാത്ത സംസ്ഥാന സെക്രട്ടറി എസ് സുരേഷിന് യോഗത്തില്‍ പങ്കാളിത്തം നല്കിയതും, സാധാരണയായി ജനറല്‍ സെക്രട്ടറിമാരും ഉപാധ്യക്ഷന്മാരുമാണ് പങ്കെടുക്കാറുള്ള യോഗത്തിലാണ്, കൂടുതല്‍ അതൃപ്തിക്ക് വഴി വെച്ചത്.
