ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഓഫീസറും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിയൊരുക്കുന്നു. 2000-ല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന സമയത്ത് കേരളത്തില്‍ സ്വകാര്യ എന്‍ജിനിയറിംഗ് കോളേജുകള്‍ക്ക് അനുവാദം നല്‍കിയതിനെ കുറിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ആ സമയത്ത് കേരളം എന്‍ജിനിയറിംഗ് പഠനത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ കോളേജുകളുടെ ആവശ്യകതയെക്കുറിച്ച് മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് തന്റെ നിലപാടിനെ പിന്തുണച്ചു എന്നാണ് അല്‍ഫോണ്‍സ് വ്യക്തമാക്കുന്നത്. എന്നാൽ വിഷയമറിഞ്ഞ മുഖ്യമന്ത്രിയായ ഇ.കെ. നായനാര്‍ തനിക്ക് എതിരായി നടപടിയെടുക്കാനാണ് നിർദേശിച്ചത്.
മന്ത്രിസഭയില്‍ തന്നെ സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം ചർച്ചയായപ്പോള്‍ പി.ജെ. ജോസഫ് ശക്തമായി തന്റെ പക്ഷത്ത് വാദിച്ചു. ഈ ഇടപെടലാണ് അന്നത്തെ നടപടികള്‍ തടഞ്ഞത് എന്നും അദ്ദേഹം പറയുന്നു.
‘ദ വിന്നിങ് ഫോര്‍മുല: 52 വഴികള്‍ നിങ്ങളുടെ ജീവിതം മാറ്റാന്‍’ എന്ന സ്വന്തം പുസ്തകത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഈ വിവരങ്ങള്‍ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ പതിമൂന്ന് സ്വകാര്യ എന്‍ജിനിയറിംഗ് കോളേജുകള്‍ കേരളത്തില്‍ തുടക്കം കുറിച്ചു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അത് കൂടാതെ, ജനസമ്പര്‍ക്ക പരിപാടിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഈ പദ്ധതി താനാണ് ആദ്യമായി ആലോചിച്ചതെന്നും പിന്നീട് ഉമ്മന്‍ചാണ്ടി അതിനെ അനുകരിച്ചതായും ആരോപിച്ചു. നല്ല സംരംഭങ്ങള്‍ അവലംബിക്കുന്നത് തെറ്റല്ലെന്നും എന്നാല്‍ യഥാര്‍ത്ഥ ആശയം എവിടുനിന്ന് വന്നതാണെന്നറിയേണ്ടത് പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
