കോട്ടയം: കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ പാർട്ടികൂടി രൂപം കൊള്ളുന്നു. ക്രിസ്ത്യൻ നേതാക്കൾ കോട്ടയം ആസ്ഥാനമായാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. ‘കേരള ഫാർമേഴ്സ് ഫെഡറേഷൻ’ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയാണ് ‘കേരള ഫാർമേഴ്സ് ഫെഡറേഷൻ’. കോട്ടയത്ത് ഇന്നാണ് സംഘടനാ പ്രഖ്യാപനം . കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടകൻ.
മുൻ എംഎൽഎയും കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ നീക്കം. ബിജെപിയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. കാർഷിക പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും ഉയർത്തിക്കൊണ്ടാണ് പാർട്ടി രൂപീകരിക്കുന്നത്.
കോട്ടയത്ത് ഈരയിൽ കടവിൽ ആൻസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന യോഗത്തിൽ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണമെന്നാണ് വിവരം.
