മലപ്പുറം : കൂരിയാട് ദേശീയപാത തകർന്നുണ്ടായ അപകടം അധികാരികൾ വരുത്തി വച്ചതാണ്. സാങ്കേതിക നടപടികൾ പോലും പൂർത്തീയാകാത്ത ദേശീയപാത തുറന്നു നൽകിയത് പൗരൻമാരുടെ ജീവൻ കുരുതി കൊടുക്കാൻ വേണ്ടിയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ എൻഎ മുഹമ്മദ് കുട്ടി എറണാകുളത്ത് പറഞ്ഞു.
കൂരിയാട്ടെ ദുരന്തം അധികാര ഉദ്യോഗസ്ഥ വർഗത്തിൻ്റെ ഗുരുതര വീഴ്ചയാണ്.
ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണം
മലപ്പുറം ജില്ലയിലെ കൂരിയാട് ഭാഗത്ത് പണി തീർന്നു എന്നു അവകാശപ്പെട്ട് യാത്രയ്ക്കായി തുറന്ന ദേശീയപാതയുടെ ഭാഗം ഇടിഞ്ഞു വീണ സംഭവം അതീവ ഗുരുതരവും ദൗര്‍ഭാഗ്യകരവുമാണ്.
ഇത് യാദൃച്ഛികമായ സംഭവിച്ചതല്ല. മറിച്ച്, പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായ ഉത്തരവാദിത്വരഹിതമായ പ്രവർത്തികളുടേയും അപകടകരമായ അനാസ്ഥയുടെയും തെളിവു കൂടിയാണ്.
ടെക്നിക്കൽ ഓഡിറ്റ് പോലും പൂര്‍ത്തിയാക്കാതെ റോഡുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നത് ഭരണ സംവിധാനത്തിന്റെയും നിർമാണ കമ്പനികളുടെയും ഗുരുതരമായ വീഴ്ചയാണ്.
ജനങ്ങളുടെ ജീവനും ആസ്തിയുമെല്ലാം പണയം വെച്ച്, കണക്കെടുപ്പും പരിശോധനയും ഇല്ലാതെ വികസനമെന്ന പുത്തൻ പേരിൽ ഇത്തരമൊരു മര്യാദരഹിത സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
കാസർകോട് മുതൽ ചാവക്കാട് വരെയുള്ള ദേശീയപാത 66-ന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ പാതയുടെ എല്ലാ ഭാഗങ്ങളും അടിയന്തിരമായി ടെക്നിക്കൽ ഓഡിറ്റിന് വിധേയമാക്കണം. പൂര്‍ണമായ സുരക്ഷ ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഗതാഗതത്തിന് തുറന്നുകൊടുക്കാവു.
അല്ലാത്തപക്ഷം ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടും.
ഈ ദുരന്തങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും ഭരണകൂടത്തിന്റേതാണ്.
കൂരിയാട്ടിലെ സംഭവത്തിൽ ബന്ധപ്പെട്ട കോൺട്രാക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായി.
എൻസിപി ഈ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും ഗതാഗത മന്ത്രിയ്ക്കും ഔദ്യോഗികമായി പരാതി നൽകും.
ഉത്തരവാദികൾക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെടും.
വികസനം ജനങ്ങളുടെ സുരക്ഷയ്ക്ക് വിലകുറച്ച് കൊണ്ടല്ല നടപ്പിലാക്കേണ്ടത്. സുരക്ഷയിലും കൃത്യതയിലും ഊന്നിയ വികസന പ്രവർത്തനങ്ങൾക്ക് മാത്രമേ അംഗീകാരം നൽകാവുവെന്നു എൻ എ മുഹമ്മദ് കുട്ടി വ്യക്തമാക്കി.
