ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറെ റാഞ്ചാൻ ഫുട്ബോൾ ക്ലബുകളുടെ നീണ്ടനിര. വമ്പൻ ടീമുകളാണ് രംഗത്തെത്തിയത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്, ജർമൻ ക്ലബ് ബയേണ്‍ മ്യൂണിക്, ഇറ്റാലിയൻ ക്ലബ് യുവന്റസ്, പോർച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ് ലിസ്ബണ്‍ തുടങ്ങിയവയാണ് രംഗത്തെത്തിയത്. ഇവയ്ക്ക് വേണ്ടി സി ആർ 7നും ജഴ്സിയണിഞ്ഞിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
ഞായറാഴ്ച ക്രൊയേഷ്യയ്ക്കെതിരായ പോര്‍ച്ചുഗലിന്റെ 3-2 വിജയത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍ നിര്‍ണായക പങ്ക് വഹിച്ചത്. പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15 ടീമിനായി രണ്ട് ഗോളുകളാണ് സി ആര് ജൂനിയര്‍ നേടിയത്. ദേശീയ ടീമിനായി പയ്യന്റെ ആദ്യ ഗോളുകളാണിത്.ഇതോടെ ക്രൊയേഷ്യയില്‍ നടന്ന വ്ലാറ്റ്കോ മാര്‍ക്കോവിച്ച് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗല്‍ കിരീടം നേടിയിരുന്നു. പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15 ടീമിനായി തന്റെ നാലാം മത്സരത്തില്‍ ആണ് ജൂനിയര്‍ ഗോള്‍ നേടി കോളടിച്ചത്. അല്‍ നാസര്‍ അക്കാദമിയിലെ ഫോര്‍വേഡ് 13-ാം മിനുട്ടില്‍ മനോഹരമായ ഇടത് കാല് ഫിനിഷിലൂടെ ഗോളടിയില്‍ അരങ്ങേറ്റം കുറിച്ചു. 7-ാം നമ്പര്‍ ജേഴ്സി ധരിച്ച 14കാരന് പിതാവിന്റെ പ്രശസ്തമായ ‘സിയു’ വിജയാഘോഷവും അനുകരിച്ചു.
