കൊല്ലം: പ്രായപൂർത്തിയാകാത്ത നാലംഗ സംഘം ഒരു ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ചെന്നുപെട്ടത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. കുട്ടികൾ യാത്രചെയ്ത വാഹനത്തിന്റെ ഉടമയുടെ ലൈസൻസ് റദ്ദാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കുട്ടികൾക്ക് ലൈസൻസോ ഹെൽമറ്റോ ഉണ്ടായിരുന്നില്ല. കുടുംബശ്രിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനായി പത്തനാപുരത്തെത്തിയപ്പോഴാണ് നാല് വിദ്യാർത്ഥികൾ ഒരു ബൈക്കില്സഞ്ചരിക്കുന്നതായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നടപടിയെടുക്കാൻ ഉത്തരവിടുകയും ചെയ്തു.സംഭവത്തിന് പിന്നാലെ രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനങ്ങൾ നല്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ‘വീട്ടുകാര്‍ പിള്ളേർക്ക് വണ്ടികൊടുത്തുവിടാന്‍ പാടില്ല. ഉടമസ്ഥന് ആരാണെന്ന് കണ്ടുപിടിച്ച് ആര്‍ടി ഓഫീസില്‍ പറഞ്ഞ് ലൈസന്‍സ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. 18 വയസ് പോലും ആയില്ല. നാല് പേരും ഒരു ബൈക്കും…’ എന്നായിരുന്നു നടപടിഎടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മന്ത്രിയുടെ വാക്കുകൾ.
കുടുംബശ്രിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്ക് ശേഷം സ്റ്റേജിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഒരു ബൈക്കിൽ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ വരുന്നത് മന്ത്രിയു കണ്ടത്. സംഭവം ആര്‍ടിഒയ്ക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അതാണ് നിയമമെന്നും മന്ത്രി പോലീസിനോട് പറഞ്ഞു.
