ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെയും സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെയും എക്സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. തുര്‍ക്കിയുടെ ടിആര്‍ടി വേള്‍ഡിന്റെയും എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ വലിക്കുണ്ടെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള പീപ്പിള്‍സ് ഡെയ്ലിയുടെ ഇംഗ്ലീഷ് ടാബ്ലോയിഡ് പത്രമാണ് ഗ്ലോബല്‍ ടൈംസ്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് സിന്‍ഹുവ. ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന് ഗ്ലോബല്‍ ടൈംസിന് ചൈനയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാനും കൃത്യത ഉറപ്പാക്കാനും എംബസി നിര്‍ദേശിച്ചിരുന്നു.
