തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തുംമുമ്പേ മഴ കനക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് പല ജില്ലകളിലും ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്നു രാവിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിൽ കാലവർഷം ഇന്നലെ എത്തിച്ചേർന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ, തെക്കൻ അറബിക്കടൽ, കന്യാകുമാരി മേഖല, ആൻഡമാൻ – നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ, എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത.
മെയ് ഇരുപത്തിയേഴോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് ഇപ്പോഴത്തെ നിഗമനം. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയുമുണ്ട്.
