ആലപ്പുഴ: ചെറുതനയിൽ സ്കൂൾ വിദ്യാർഥിയെ ഉൾപ്പെടെ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കാന്‍സര്‍ രോഗിക്കുൾപ്പെടെ നായയുടെ കടിയേറ്റിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് സ്കൂൾ വിദ്യാർഥിനിയായ 12 വയസ്സുകാരിക്കാണ് ആദ്യം നായയുടെ കടിയേറ്റത്. പിന്നീട് ചൊവ്വാഴ്ച രാവിലെ ജോലി ആവശ്യങ്ങൾക്കായി പോയ ആറ് പേര്‍ക്കും നായയുടെ കടിയേറ്റിരുന്നു.
ആക്രമണത്തിനു ശേഷം നായ ചത്തത് നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. ഗര്‍ഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ കരുമാടിയില്‍ തെരുവ് നായയുടെ കടിയേറ്റ പത്താം ക്ലാസുകാരന് പേവിഷബാധയേറ്റ് മരിച്ചത്. കിഴക്കെ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്. മെയ് അഞ്ചിന് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചിരുന്നു. വെന്റിലേറ്റർ സഹായത്തിൽ കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലാണ് മരിച്ചത്. മൂന്നു തവണ പ്രതിരോധ വാക്സീനെടുത്തിട്ടും പേവിഷ ബാധ സ്ഥിരീകരിച്ച ഏഴുവയസ്സുകാരി മരണപ്പെടുകയായിരുന്നു.
