മലകൾക്കും പാറക്കെട്ടുകൾക്കും ഇടയിലൂടെ നുരഞ്ഞു പതഞ്ഞു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ ഏതൊരാളുടെയും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. വേനലിൽ ചെറു നീരുറവകളായും മൺസൂൺ കാലത്ത് ആർത്തലച്ചും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങൾ എന്നും ഒരു അത്ഭുതമാണ്. മനസിനും ശരീരത്തിനും ഒരുപോലെ കുളിമയേകുന്ന ഈ അതിമനോഹര കാഴ്ച കാണാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.

കുഞ്ചിക്കല്‍ വെള്ളച്ചാട്ടം, കര്‍ണാടക
കർണാടകയിലെ ഷിമോഗ ജില്ലയിലാണ് കുഞ്ചിക്കൽ വെള്ളച്ചട്ടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണിത്. കർണാടകയിലെ മറ്റൊരു വെള്ളച്ചാട്ടമായ ജോഗിന്റെ അടുത്തായാണ് 455 മീറ്റർ ഉയരമുള്ള കുഞ്ചിക്കൽ വെള്ളച്ചട്ടമുള്ളത്.

ബരെഹിപാനി വെള്ളച്ചാട്ടം
ബരെഹിപാനി വെള്ളച്ചാട്ടമാണ് ഈ പട്ടികയിലെ രണ്ടാമൻ. ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 399 മീറ്ററാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. പ്രകൃതി രമണീയത തുളുമ്പുന്ന ഇവിടം സഞ്ചാരികൾക്ക് മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുമെന്നത് തീർച്ച.

നോഹ്കലികായ് വെള്ളച്ചാട്ടം
1,115 അടി (340 m) ഉയരമുള്ള നോഹ്കലികായ് വെള്ളച്ചാട്ടം മേഘാലയയിലെ ചിറാപുഞ്ചിക്ക് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന് താഴെ നീലനിറത്തിൽ തെളിഞ്ഞ കിടക്കുന്ന വെള്ളം ഏതൊരാളുടെയും മനം കവരുന്ന കാഴ്ചയാണ്. ഇവിടുത്തെ മൂടൽ മഞ്ഞ് നിറഞ്ഞ അന്തരീക്ഷം സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്.
നോഹ്സ്ഗി തിയാങ് വെള്ളച്ചാട്ടം
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലുള്ള നോഹ്സ്ഗിതിയാങ് വെള്ളച്ചാട്ടമാണ് അടുത്തതായി ഈ പട്ടികയിലുള്ളത്. സെവന്സിസ്റ്റേഴ്സ് വാട്ടര്‍ഫാള്‍ എന്നും അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം 315 മീറ്റര്‍(1,033 അടി) ഉയരത്തില്‍ നിന്നാണ് താഴേക്ക് പതിക്കുന്നത്. 70 മീറ്ററോളം വീതിയുള്ള ഈ വെള്ളച്ചാട്ടം മൺസൂൺ ആരംഭിക്കുന്നതോടെ പൂർണ രൂപത്തിലേക്കെത്തും.

ദൂത് സാഗര്‍ വെള്ളച്ചാട്ടം, ഗോവ
പച്ചപ്പ് തിങ്ങി നിറഞ്ഞ മലകൾക്കും പാറകൾക്കും ഇടയിലൂടെ താഴേക്ക് പതിക്കുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ദൂത് സാഗര്‍. 310 മീറ്ററാണ് ഇതിന്റെ ഉയരം. കൊങ്കൺ റെയിൽ പാതയിലൂടെയുള്ള യാത്ര മനോഹരമാക്കുന്നത്തിൽ ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ പങ്ക് വളരെ വലുതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. പാലുപോലെ നുരഞ്ഞു പതഞ്ഞ് ഒഴുകുന്നതിനാലാണ് ഇതിന് ദൂത് സാഗറെന്ന പേരിട്ടത്.
