കെപിസിസി അധ്യക്ഷനെ ഉൾപ്പെടെ മാറ്റിക്കൊണ്ട് സംസ്ഥാന കോൺഗ്രസിൽ സമഗ്ര അഴിച്ചുപണിയാണ് ഹൈക്കമാൻഡ് നടത്തിയത്. നേതൃമാറ്റത്തിന്റെ പേരിൽ ഇടഞ്ഞുനിന്ന കെ സുധാകരനെ അനുനയിപ്പിച്ചു കൊണ്ടാണ് കണ്ണൂരിൽ നിന്ന് തന്നെയുള്ള സണ്ണി ജോസഫിന് അധ്യക്ഷസ്ഥാനത്തേക്ക് നറുക്ക് വീണത്. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും എ.പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവരെ വർക്കിംഗ് പ്രസിഡന്റ്മാരായും നിയമിച്ചു.
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് സംസ്ഥാന കോൺഗ്രസിൽ കോൺഗ്രസ് ദേശീയ നേതൃത്വം സമഗ്ര അഴിച്ചു പണി നടത്തിയത്. ക്രൈസ്തവസഭകളുടെ പ്രതിനിധിയായി ആന്റോ ആന്റണിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും സഭ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്ന് ദേശീയ നേതൃത്വം പിൻവലിഞ്ഞത്.
രാഹുൽ ഗാന്ധിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അധ്യക്ഷസ്ഥാനത്ത് കടിച്ചു തൂങ്ങാൻ ഇല്ലെന്ന് കെ സുധാകരൻ നിലപാട് അറിയിച്ചതോടെ പകരക്കാരനെ തേടിയുള്ള ചർച്ചകളും സജീവമായി. ഒടുവിൽ സുധാകരൻ തന്നെയാണ് തന്റെ വിശ്വസ്തനും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിന്റെ പേര് നേതൃത്വത്തിന് മുമ്പിൽ വച്ചത്
