സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കും, സ്പോർട്സ് കൗൺസിലും മറ്റ് കായിക അസോസിയേഷനുകളും സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ നാലാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കും ഗ്രേസ് മാർക്ക് നൽകാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
കായിക വകുപ്പ് സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്സ്- സേ യെസ് ടു സ്പോർട്സ്’ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നാലാംദിവസം കോഴിക്കോട് ജില്ലയിലെ പായിമ്പ്ര വോളി ഫ്രണ്ട്സ് അക്കാദമിയിൽ നടന്ന കായിക കിറ്റ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയുടെ കോർട്ട് ഫ്ലോറിങ്ങിന് ആവശ്യമായ ഫണ്ടിന് ഖേലോ ഇന്ത്യ പ്രോജക്റ്റിൽ ഉൾപ്പെടുത്തി ശുപാർശ ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നൽകി.
കേരളത്തിലെ യുവജനങ്ങൾക്കിടയിൽ രാസലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിലുള്ള ആശങ്കയും ഇതിനെതിരെ ശക്തമായ ബോധവൽക്കരണത്തിൻ്റെ ആവശ്യകതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന പോരാട്ടത്തിൽ പോലീസും എക്സൈസ് വകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
