ലഹോറിലെ പാക് വ്യോമ സംവിധാനം തകർത്ത് ഇന്ത്യ. ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാറുകൾ തകർത്തതായിട്ടാണ് റിപ്പോർട്ട്. ഷെല്ലാക്രമണത്തിനുള്ള തിരിച്ചടിയായാണ് ആക്രമണം നടത്തിയത്.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്താൻ ശ്രമം നടത്തിയെങ്കിലും ആ ശ്രമം നിർവീര്യമാക്കിയതായി സൈന്യം അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ എസ് 400 സുദർശൻ ചക്ര പ്രതിരോധ മിസൈൽ സംവിധാനങ്ങളാണ് പാക് മിസൈലുകളെ നിർവീര്യമാക്കിയത്. 15 ഇടങ്ങളിൽ ആണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്.
അതേസമയം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഓപ്പറേഷന് സിന്ദൂറില്‍ കൊടുംഭീകരൻ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ തലവനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായിരുന്നു റൗഫ്. ഐക്യരാഷ്ട്രസഭ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ സഹോദരനുമാണ് ഇയാൾ.
ബഹാവല്‍പൂരില്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങൾ ഇന്ത്യന്‍ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. സഹോദരിയും ഭർത്താവും അടക്കമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരണം സ്ഥിരീകരിച്ച് ജെയ്ഷെ തന്നെ പ്രസ്താവന പുറത്തിറക്കിയിരുന്നു.
