ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 37 റണ്‍സിന്റെ ജയവുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടിയപ്പോള്‍ ലഖ്നൗവിന്റെ മറുപടി 199 റണ്‍സില്‍ അവസാനിച്ചു. ലഖ്നൗവിനായി ആയുഷ് ബധോനി 74 റണ്‍സും അബ്ദുല്‍ സമദ് 45 റണ്‍സും നേടി. പന്ത് ഉള്‍പ്പടെ മറ്റാര്‍ക്കും തിളങ്ങാനായിട്ടില്ല.
പഞ്ചാബിനായി ഓപണര്‍ പ്രഭ്സിമ്രാന് 48 പന്തില്‍ 91 റണ്‍സ് നേടി. ഏഴ് സിക്സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്. ജോഷ് ഇംഗ്ലിസ് 14 പന്തില്‍ 30 റണ്‍സും ശ്രേയസ് അയ്യര്‍ 25 പന്തില്‍ 45 റണ്‍സും നേടി. ശശാങ്ക് സിങ് 15 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ നേഹല്‍ വദ്ഹേര 16 റണ്‍സെടുത്തും സ്റ്റോയിന്‍സ് 15 റണ്‍സെടുത്തും മികച്ച സംഭാവനകള്‍ നല്കി. ലഖ്നൗവിന് വേണ്ടി ആകാശ് സിങ്, ദിഗ്വേഷ് രാതി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. പഞ്ചാബിനായി അര്‍ശ്ദീപ് സിങ് മൂന്ന് വിക്കറ്റും അസ്മത്തുള്ള രണ്ട് വിക്കറ്റും നേടി.
