ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ. ആക്രമിച്ച് കളിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും മികച്ച രീതിയിൽ റൺസ് ഉയർത്താനാണ് ശ്രമിച്ചതെന്നും സായി പറഞ്ഞു.
‘ആക്രമിച്ച് കളിക്കുകയായിരുന്നില്ല എല്ലാ പന്തും കൃത്യമായി ടൈമിങ് ചെയ്യുകയായിരുന്നു ലക്ഷ്യം. മികച്ച ഫോമിലുള്ളതാണ് റൺസ് ലഭിക്കാൻ കാരണം. വിക്കറ്റുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. എന്നാൽ മികച്ച രീതിയിൽ റൺസ് ഉയർത്തുകയാണ് ഗുജറാത്ത് ബാറ്റർമാർ ചെയ്യുന്നത്. ഈ രീതിയിൽ കളിക്കുന്നത് മികച്ച സ്കോർ നേടാനും സഹായിക്കുന്നുണ്ട്’, സായി സുദർശൻ പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും സായി സുദർശനും മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്. 23 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെടെ സായി 48 റൺസെടുത്തു. 38 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം ഗിൽ 76 റൺസ് നേടി.
