പുതിയ സംവിധായകരുടെ വരവോടെ മലയാള സിനിമ കൂടുതൽ ശക്തിപ്പെട്ടെന്ന് നടൻ മോഹൻലാൽ. ഇതോടെ മലയാള സിനിമ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വളരെ സമ്പന്നമായെന്നും മോഹൻലാൽ പറഞ്ഞു. മുംബൈയില്‍ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്ടെയ്ന്മെന്റ് സമ്മിറ്റില്‍ ലെജന്‍ഡ്സ് ആന്‍ഡ് ലെഗസീസ്, ദി സ്റ്റോറീസ് ദാറ്റ് ഷേപ്പ്ഡ് ഇന്ത്യാസ് സോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ബോളിവുഡ് താരം അക്ഷയ് കുമാറായിരുന്നു മോഡറേറ്റർ. ഇന്ത്യന്‍ സിനിമയുടെ ബൗദ്ധിക ആത്മാവെന്നാണ് മലയാള സിനിമയെ അക്ഷയ് കുമാർ വിശേഷിപ്പിച്ചത്. തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി, നടിയും എംപിയുമായ ഹേമാ മാലിനി എന്നിവരും സംവാദത്തിൽ പങ്കെടുത്തു. അമിതാഭ് ബച്ചനും മിഥുൻ ചക്രവർത്തിയും കമലഹാസനും തനിക്ക് പ്രചോദനമായിരുന്നുവെന്ന് ചിരഞ്ജീവി പറഞ്ഞു.
പ്രഗത്ഭരായ ഒരുപാട് സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മോഹൻലാൽ ഓർത്തെടുത്തു. ആദ്യ കാലം മുതൽ മലയാളത്തിൽ കലാമൂല്യമുള്ള സിനിമകളും വാണിജ്യ സിനിമകളും തമ്മിൽ നേർത്ത വ്യത്യാസമാണ് ഉണ്ടായിരുന്നതെന്നും മോഹൻലാൽ പറഞ്ഞു.
